ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബിജെപി) ഒത്തുചേര്‍ന്ന് രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുരുതരമായ ആരോപണം ഉന്നയിച്ചു. കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുകയും യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തുകൊണ്ട് ‘വന്‍ കൊള്ള’ (bhayankar chori) നടത്തിയതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര അസംബ്ലി സെഗ്മെന്റിലെ വോട്ടര്‍ പട്ടിക ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി തന്റെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘മഹാദേവപുരയിലെ 6.5 ലക്ഷം വോട്ടര്‍മാരില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ മോഷണം നടന്നു,’ എന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടര്‍മാരെയും വ്യാജ വിലാസത്തിലുള്ളവരെയും ഒരു വിലാസത്തില്‍ കൂട്ടമായി ചേര്‍ത്തവരെയും കണ്ടെത്തിയതായി രാഹുല്‍ വ്യക്തമാക്കി.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗം സമയത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍സൂര്‍ അലി ഖാന്‍ മുന്നിട്ടുനിന്നെങ്കിലും, ഫലം വന്നപ്പോള്‍ 32,707 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ പി.സി. മോഹന്‍ വിജയിക്കുകയായിരുന്നു. മഹാദേവപുര പോലുള്ള മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ഈ ക്രമക്കേടുകളാണ് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ അട്ടിമറിച്ചതെന്ന് പാര്‍ട്ടി ആരോപി്ച്ചു
സോഫ്റ്റ് കോപ്പി നല്‍കാതെ ഏഴടിയോളം ഉയരത്തില്‍ കടലാസു കെട്ടുകള്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ രാഹുല്‍ ഗാന്ധി ശക്തമായ സംശയങ്ങള്‍ ഉന്നയിച്ചു. വോട്ടര്‍ പട്ടികയുടെ ഇലക്ട്രോണിക് പതിപ്പ് നല്‍കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. അത്തരത്തില്‍ നല്‍കിയാല്‍ തട്ടിപ്പ് 30 സെക്കന്‍ഡിനുള്ളില്‍ വെളിച്ചത്ത് വരുമെന്ന ഭയമാണ് കമ്മീഷനെന്നും അദ്ദേഹം ആരോപിച്ചു. ‘ഇതൊരു വെല്ലുവിളിയാണ്. ഏഴടിയോളം ഉയരമുള്ള കടലാസുകെട്ടുകളാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ നിന്ന് നിങ്ങളുടെ പേര് ഇരട്ടിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഓരോ പേപ്പറും പരിശോധിച്ച് താരതമ്യം ചെയ്യണം. ഇത് വളരെ ശ്രമകരമായ ജോലിയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രീതിയില്‍ മഹാദേവപുരയിലെ മാത്രം പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന് ആറ് മാസമെടുക്കേണ്ടി വന്നു. അതേസമയം, ഇലക്ട്രോണിക് ഡാറ്റ ലഭിച്ചിരുന്നെങ്കില്‍ ഈ ജോലി 30 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടികള്‍ക്ക് വോട്ടര്‍ ഡാറ്റ സൂക്ഷ്മമായി പരിശോധിക്കുന്നത് തടയാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വം കമ്പ്യൂട്ടറില്‍ വായിക്കാന്‍ സാധിക്കാത്ത (non-machine-readable) രേഖകള്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ പേപ്പറുകളില്‍ ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ (OCR) സാധ്യമല്ലാത്തതിനാല്‍ വിശകലനം ദുഷ്‌കരമാവുന്നു. ഇതെല്ലാം കാണിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.