ലഡാക്കിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ബിജെപി സര്‍ക്കാര്‍ അവരെ അടിച്ചമര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവരില്‍ നാല് യുവാക്കളെ കൊലപ്പെടുത്തുകയും സോനം വാങ്ചുക്കിനെ തടവിലാക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ കൊലപാതകങ്ങളും അക്രമങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്നും ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലഡാക്കിലെ നിലവിലെ അവസ്ഥയ്ക്കു കാരണം ബിജെപി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ‘പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങളും വഞ്ചനയും’ ലഡാക്കിനെ ഈ അവസ്ഥയിലേയ്ക്ക് തള്ളിവിട്ടതായി ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ജെകെപിസിസി) പ്രസിഡന്റ് താരിഖ് കാര്‍റ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് നിലവിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് പ്രക്ഷോഭങ്ങള്‍ക്കു കാരണമെന്നും കാര്‍റ പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്ത് ലഡാക്കിലെ ജനങ്ങളുമായി ചര്‍ച്ച നടത്താതെ, ബിജെപി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാര്‍റ ആരോപിച്ചു.
അക്രമസംഭവങ്ങളെ കാര്‍റ അപലപിച്ചു. ഇരകളുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വാങ്ചുക്കിനെ തടവിലാക്കുന്നത് പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ‘വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് കേന്ദ്രഭരണ പ്രദേശത്തിന് പുറത്തേക്ക് അയച്ചാല്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി,’ കാര്‍റ പറഞ്ഞു.
ലഡാക്കിലെ പ്രതിഷേധം കേവലം ഒരു പ്രാദേശിക പ്രശ്നം മാത്രമല്ല, രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും കാര്‍റ മുന്നറിയിപ്പ് നല്കി. പാകിസ്ഥാനും ചൈനയും പോലുള്ള രണ്ട് ശത്രുരാജ്യങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ലഡാക്ക് എന്ന കാര്യം ബിജെപി ഒരുപക്ഷേ അവഗണിക്കുകയാണ്. ചൈന ഇതിനകം നമ്മുടെ പ്രദേശത്ത് അതിക്രമിച്ചു കടന്നിരിക്കുന്നു എന്ന് സോനം വാങ്ചുക്കും പ്രാദേശിക എംപിയും പോലും പറഞ്ഞിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാതെ, ബിജെപി വികലമായ നയങ്ങളാണ് നടപ്പാക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോനം വാങ്ചുക്കുമായി കോണ്‍ഗ്രസിനുള്ള ബന്ധത്തെക്കുറിച്ചും കാര്‍റ വിശദീകരിച്ചു. നിലവില്‍ പാര്‍ട്ടിക്ക് വാങ്ചുക്കുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. വാങ്ചുക്കിന്റെ പിതാവ് 1970-കളില്‍ ജമ്മു കശ്മീരില്‍ ഒരു ഡെപ്യൂട്ടി മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നുവെങ്കിലും 1987-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. അന്നുമുതല്‍ വാങ്ചുക്കിന്റെ കുടുംബത്തിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. വാസ്തവത്തില്‍, അദ്ദേഹത്തിന്റെ സഹോദരങ്ങളെല്ലാം ബിജെപിയുമായി ബന്ധമുള്ളവരാണ്. അദ്ദേഹത്തിന്റെ ഒരു സഹോദരന് ബിജെപിയുടെ ലേ യൂണിറ്റിന്റെ വൈസ് പ്രസിഡന്റാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മൂലം ഇപ്പോള്‍ വഞ്ചനയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണെന്ന് കാര്‍റ ആരോപിച്ചു.