
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന് കരുത്തുപകരാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകരുന്ന ഈ സന്ദർശനത്തിന് പിന്നാലെ വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തുന്നതോടെ യുഡിഎഫ് ക്യാമ്പുകൾ പൂർണ്ണ സജ്ജമാകും.
സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ഇനി വെറും പത്തു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ തെരുവുകളും സോഷ്യൽ മീഡിയയും ഒരുപോലെ തിരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടർമാരെ നേരിൽ കണ്ടും കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചും അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ.
പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും രാഷ്ട്രീയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കുറവില്ല. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ‘ഡീൽ’ ആരോപണങ്ങളും എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുന്നത് സംബന്ധിച്ച തർക്കങ്ങളുമാണ് നിലവിൽ തിരഞ്ഞെടുപ്പ് ഗോദയെ ചൂടുപിടിപ്പിക്കുന്നത്. ഈ വിവാദങ്ങൾക്കിടയിലും വികസനവും രാഷ്ട്രീയ നയങ്ങളും ചർച്ചയാക്കി വോട്ടർമാരുടെ മനം കവരാനാണ് മുന്നണികളുടെ ശ്രമം.