
തിരുവനന്തപുരം: ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ശിവഗിരി മഠം സന്ദര്‍ശിക്കുന്ന അദ്ദേഹം, വൈകുന്നേരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിച്ച യാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും.
ഇന്നത്തെ പ്രധാന പരിപാടികള്‍:
രാവിലെ 10.00 മണി: ഇടുക്കിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അദ്ദേഹം ശിവഗിരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശിവഗിരി മഠം സന്ദര്‍ശിക്കുകയും ശ്രീനാരായണഗുരു സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും.
രാവിലെ 11.30 മണി: തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ എത്തുന്ന അദ്ദേഹം ഐടി വിദഗ്ധരുമായുള്ള പ്രത്യേക സംവാദ പരിപാടിയില്‍ പങ്കെടുക്കും.
വൈകുന്നേരം: തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ കൊല്ലത്ത് നടന്ന ‘ഗുരു-ഗാന്ധി സമാഗമ ശതാബ്ദി’ ആഘോഷം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷം ഇടുക്കി കുട്ടിക്കാനം മരിയന്‍ കോളേജില്‍ എത്തിയ അദ്ദേഹം അവിടെ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തു.