പെൺകുട്ടികൾക്ക് സ്വയംപ്രതിരോധത്തിന്‍റെ പാഠങ്ങൾ പകർന്ന് രാഹുൽ ; മനംകവർന്ന് നേതാവ്

Jaihind News Bureau
Monday, March 22, 2021

 

കൊച്ചി : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്‍റെ പാഠങ്ങൾ പകർന്ന് രാഹുൽ ഗാന്ധി. വേദിയിൽ ചില അഭ്യാസ മുറകൾ വിദ്യാർത്ഥിനികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർഥിനികളുമായി സംവദിക്കുമ്പോഴാണു സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും അദ്ദേഹം നിലപാടു വ്യക്തമാക്കിയത്. ഒരാൾ അറിവുണ്ടെന്നു കരുതി മുന്നോട്ടു പോകുന്നതിൽ കാര്യമില്ല. പകരം പ്രായോഗിക തലത്തിൽ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാനം. വിനയമുണ്ടാകുക ഏറ്റവും പ്രധാനപ്പെട്ടതാണ്. വിനയത്തിൽ നിന്നാണ് ശാക്തീകരണമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണമെന്നതു മൗലികമായതാണ്, രാജ്യത്തെ മാറ്റുന്നതാണ് എന്നു പറഞ്ഞായിരുന്നു രാഹുൽ വിദ്യാർഥിനികളുമായി സംസാരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ തത്വങ്ങൾകൊണ്ടു മാത്രം ഒരാൾക്ക് വിജയിക്കാനാകുമോ എന്ന ചോദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു സംവാദത്തിനു തുടക്കം. തത്വങ്ങൾ അനുസരിച്ച് ഒരു സ്ഥാനം വഹിക്കാം. മറിച്ച് അല്ലാതെ വഞ്ചിക്കുകയും ചെയ്യാം. പക്ഷേ തത്വങ്ങളെ ബലികഴിച്ച് ഒരു തവണയേ ജയിക്കാനാകൂ. സ്ഥാനാർഥികൾക്ക് സത്യസന്ധതയും ആദർശ ശുദ്ധിയും വേണം. ഇല്ലാത്തപക്ഷം അടുത്ത തവണ ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവരതു തിരിച്ചറിയും. തത്വങ്ങൾക്ക് സ്ഥിരതയും വിശ്വാസ്യതയുമുണ്ടാകും. തത്വങ്ങളില്ലാത്ത രാഷ്ട്രീയത്തിൽ തനിക്കു താൽപര്യമില്ല. ഞാനെന്റെ തത്വം മുറുകെപ്പിടിക്കും.

രാജ്യത്ത് സാമ്പത്തികരംഗം തകർന്നതിനാലാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സർക്കാർ പണം കണ്ടെത്തുന്നത്. രാജ്യാന്തര തലത്തിൽ എണ്ണവില കുറയുമ്പോൾ ഇവിടെ വില വർധിക്കുന്നതിന്റെ കാരണമതാണ്. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്ക് കാരണം. ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യൻ സാമ്പത്തിക രംഗത്തെ അപകടത്തിലാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.