ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും, ലോക്സഭ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. വിമര്‍ശനങ്ങളെ ഭയക്കാതെ അവ ഉള്‍ക്കൊണ്ട് നിലപാടെടുക്കാന്‍ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധിയെന്ന് സെയ്ഫ് അലി ഖാന് പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള് ഇവരില്‍ കൂടുതല്‍ യോഗ്യന്‍ ആര് എന്ന ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യയെ നയിക്കാന്‍ സത്യസന്ധനും ധീരതയുമുളള ഒരാളെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ മൂന്ന് പേരില്‍ ആരാണ് അതിന് യോഗ്യന്‍ എന്ന കാര്യം നടന് വ്യക്തമാക്കിയില്ല. താന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഇവരില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സെയ്ഫ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ബോളിവുഡ് താരത്തിന്റെ മറുപടി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പറഞ്ഞ വാക്കുകള്‍ പൂര്‍ണമായും ശരിയാണെന്നു അവര്‍ പറഞ്ഞു.