രാഹുല്‍ ഗാന്ധിയോട് സങ്കടങ്ങള്‍ പറഞ്ഞ് കർഷകർ; കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന നിമിഷം എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് ഉറപ്പ്

Jaihind Webdesk
Sunday, September 18, 2022

ആലപ്പുഴ/അമ്പലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തോട്ടപ്പള്ളിയിൽ എത്തിയ രാഹുൽ ഗാന്ധി കർഷകരുമായി സംവദിച്ചു. കാർഷിക മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. കല്‍പകവാടി ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്നമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി. കുട്ടനാട്ടിൽ നിന്നും കർഷകർ പാലായനം ചെയ്യുന്ന അവസ്ഥയാണുള്ളത്. കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുവാൻ തുടങ്ങിയതോടെയും കാർഷിക ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം ലഭിക്കാതെ വന്നതോടെയും അവർക്ക് സ്ഥലം ഉപേക്ഷിച്ച് പോകേണ്ടതായി വന്നു. വിവിധ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന നാടായി കുട്ടനാട് മാറണം. കേരളത്തിന്‍റെ നെല്ലറ എന്നതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്‍റെ ഭക്ഷ്യ കലവറയായി കുട്ടനാട് മാറണം. കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പ്രളയമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

ഒരു പരിധിവരെ കുട്ടനാട് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഏകുന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് പറഞ്ഞ പല പ്രദേശങ്ങളെയും ഒഴിവാക്കി. കമ്മീഷന്‍റെ പരിധിയിൽ പ്രശ്നം ബാധിക്കുന്ന മറ്റു പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു. നാളികേര കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്നും കർഷകർ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാളികേര കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കുവാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും. ക്ഷീരകർഷകരും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കാലിത്തീറ്റയുടെ ഉള്‍പ്പെടെ വില വര്‍ധിക്കുകയാണ്. മിൽമയിൽ പാലിന് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. വേണ്ടത്ര ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും ക്ഷീരകർഷകർ പരാതിപ്പെട്ടു. കർഷകരുടെ ശബ്ദം കേൾക്കാൻ തയാറായതിൽ തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും കർഷകർ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിലെത്തിയാല്‍ കര്‍ഷകരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു. കർഷകർ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഈ സംവാദത്തിലൂടെ മനസിലാക്കുവാൻ സാധിച്ചു. വളരെ വ്യത്യസ്തമായ കാർഷിക രീതിയാണ് കേരളം പിന്തുടരുന്നത്. ദൗർഭാഗ്യവശാൽ കേരളത്തിലും കേന്ദ്രത്തിലും ഇപ്പോള്‍ കോൺഗ്രസിന് അധികാരമില്ല. എന്നാൽ അധികാരത്തിലേക്ക് കടന്നുവരുന്ന നിമിഷം ഉറപ്പായും കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് കോൺഗ്രസ് പരിഹാരമേകും. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ സന്തോഷമേയുള്ളൂ. കർഷകരോട് സംസാരിക്കുവാനും സമയം ചിലവഴിക്കുവാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.