തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി, ഇവയെ നേരിടാതെ ഇന്ത്യക്ക് മുന്നോട്ടുപോകാനാകില്ല; മാറ്റമുണ്ടാകണം: വിദ്യാര്‍ത്ഥികളുമായി സംവദിച്ച് രാഹുല്‍ഗാന്ധി

ദുബൈ: യു.എ.ഇയിലെ വിദ്യാര്‍ത്ഥിസമൂഹവുമായി സംവദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഐ.എം.ടി ദുബൈയില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും നേരിട്ട് ചോദിച്ച് മനസ്സിലാക്കിയത്. ചോദ്യങ്ങളെന്തുമാകട്ടേ ഉത്തരം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ നല്‍കി അവരുടെ മനംകവരാനും രാഹുല്‍ഗാന്ധിക്ക് സാധിച്ചു.

പ്രവാസികള്‍ക്ക് ഇന്ത്യന്‍ വികസനത്തിന് വളരേയേറെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. ദശാബ്ദത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല.

പ്രവാസികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തെക്കുറിച്ച് പുരോഗമനപരമായ ചിന്തയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെന്നത് ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങതല്ലായെന്നും ഇന്ത്യയെന്നത് ഒരു ആശയമാണെന്നും രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. ഒരു ആശയം മാത്രം ശരിയെന്നും മറ്റുള്ളവ തെറ്റാണെന്നുള്ള കാഴ്ച്ചപ്പാട് രാജ്യത്തെ മുന്നോട്ട് നയിക്കില്ല.
രാജ്യത്തെ വിദ്യാഭ്യാസമേഖലയില്‍ മാറ്റമുണ്ടാകണം. കൂടുതല്‍ സ്ഥാപനങ്ങളും അതിന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നില്ലാ എന്ന് പറയേണ്ടിവരുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും യു.പി, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങി സംസ്ഥാനങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടതുണ്ട്.
സഹിഷ്ണുത നമ്മുടെ സംസ്‌കാരത്തില്‍ അന്തര്‍ലീനമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സഹിഷ്ണുതക്കുറവുള്ള ഒരു സമൂഹമായി മാറുന്നു. നേതൃത്വത്തിന്റെ അസഹിഷ്ണുത സമൂഹത്തിലേക്കും പടരുകയാണ്. അസഹിഷ്ണുവായ നേതാവിന്റെ ഭരണകൂടവും അസഹിഷ്ണുതയുള്ളതായിരിക്കും. ആശയങ്ങളെ സ്വാംശീകരിക്കുന്നതിലൂടെയാണ് ഇന്ത്യയുടെ മുന്നോട്ടുപോക്ക് സാധ്യമാകുന്നത്. സഹിഷ്ണുതക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഇങ്ങനെയുള്ള ഇന്ത്യയല്ല എന്റെ സ്വപ്‌നം. രാജ്യത്ത് രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള ഐക്യപ്പെടലാണ് ഇപ്പോള്‍ ആവശ്യം.

ആരോഗ്യരംഗത്തെ വികസനമെന്നത് ആശുപത്രികള്‍ കെട്ടിപ്പെടുക്കല്‍ മാത്രമല്ല. തുച്ഛമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കല്‍, ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുക തുടങ്ങിയവയില്‍ രാജ്യം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. സൗദിക്ക് എണ്ണസമ്പത്തുള്ളതുപോലെ നമുക്ക് മനുഷ്യസമ്പത്താണ് ഉള്ളത് അതിനെ സംരക്ഷിക്കേണ്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കര്‍ഷകരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കൃത്യമായി വില്‍ക്കപ്പെടുന്നില്ല. കൃഷിയിടത്തില്‍ നിന്ന് കച്ചവടയിടങ്ങളിലേക്ക് അവ എത്തിപ്പെടേണ്ടതുണ്ട്. ടെലികോം, ഐ.ടി രംഗങ്ങളില്‍ രാജ്യം വിജയത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ കര്‍ഷക രംഗമാണ് അപ്പോള്‍ പിന്തള്ളപ്പെട്ടുപോയത്.

ചെറുകിട, ഇടത്തരം ബാങ്കിങ് രംഗത്തെ കൈപിടിച്ചുയര്‍ത്തണം. ചെറുകിട ഇടത്തരം വ്യവസായികളും കുത്തകകളും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്..
രാഷ്ട്രീയരംഗത്ത് വനിതാ പ്രാതിനിധ്യം കൂടുതലും ഗ്രാമപ്രദേശത്താണ്. സ്ത്രീകള്‍ക്കെതിരെയുള്ള സമീപനം വടക്കന്‍ സംസ്ഥാനങ്ങളില്‍ വളരെ പരിതാപകരമാണ്. യു.പി, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയവിടങ്ങളില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പഠനം അനിവാര്യമാണ്. -രാഹുല്‍ഗാന്ധി വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

rahul gandhi visits UAErahul gandhiUAE
Comments (0)
Add Comment