മികച്ച ചോദ്യവുമായി മലയാളി വിദ്യാര്‍ഥിനി, കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി; സംവാദ വീഡിയോ വൈറലാകുന്നു

യു.എ.ഇ പര്യടനത്തില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മനംകവര്‍ന്ന് മലയാളി വിദ്യാര്‍ഥിനിയുടെ ചോദ്യം. ശനിയാഴ്ച ദുബായ് അക്കാദമിക് സിറ്റിയില്‍ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി അമല ബാബുവിന്‍റെ ചോദ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ശ്രദ്ധ നേടിയത്.

ട്രാന്‍സ്ജെന്‍ഡറുകള്‍ വരെ ദേശീയരാഷ്ട്രീയത്തിലെത്തിയിട്ടും ഗ്രാമീണമേഖലയിലെ വനിതകള്‍ക്ക് ഇപ്പോഴും ദേശീയ രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലേക്കെത്താന്‍ അവസരം ലഭിക്കാത്തതെന്തുകൊണ്ടാണ് ? ഇതായിരുന്നു അമലയുടെ ചോദ്യം.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയില്‍ നിന്നെത്തിയ അല്‍പം കനമേറിയ ഈ ചോദ്യം രാഹുല്‍ ഗാന്ധിക്ക് ഏറെ ബോധിച്ചു.

https://www.facebook.com/rahulgandhi/videos/1213191812167884/

കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് എക്കാലവും നല്ല പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്നും വനിതാസംവരണ ബില്‍ ഉള്‍പ്പെടെയുള്ളവ കോണ്‍ഗ്രസിന്‍റെ നേട്ടങ്ങളാണെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു. തെക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ദേശീയരാഷ്ട്രീയത്തില്‍ വനിതാപ്രാതിനിധ്യത്തിനായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മറുപടിക്ക് പിന്നാലെ അമലയെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. എന്നാണ് അമല പാര്‍ട്ടിയില്‍ ചേരുന്നതെന്നായിരുന്നു രാഹുലിന്‍റെ കുസൃതി നിറഞ്ഞ ചോദ്യം. തന്‍റെ അച്ഛന്‍ രാഷ്ട്രീയക്കാരനാണെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ തനിക്കും താല്‍പര്യമുണ്ടെന്നും ചിരിച്ചുകൊണ്ട് അമലയും മറുപടി നല്‍കി. അബുദാബിയിലെ സണ്‍റൈസ് പ്രൈവറ്റ് ഇം​ഗ്ലീഷ്  മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അമല പോള്‍. ഏതായാലും വിദ്യാര്‍ഥിനിയുടെ ചോദ്യവും രാഹുല്‍ ഗാന്ധിയുടെ ഉത്തരവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി  പ്രചരിക്കുകയാണ്.

rahul gandhiamala babu
Comments (0)
Add Comment