‘കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വയനാട്ടുകാരോട് ചിറ്റമ്മനയം; കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും’: രാഹുല്‍ ഗാന്ധി

 

കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ഇന്നും നാളെയുമായി വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പ്രചാരണപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സുൽത്താൻ ബത്തേരിയിലെ റോഡ് റോഡ് ഷോയില്‍ പതിനായിരങ്ങളാണ് അണിചേർന്നത്. വയനാടിനെ ആവേശത്തേരേറ്റിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിച്ചത്.

വയനാട്ടിലെ ജനങ്ങള്‍ തനിക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പോരാട്ടം കോണ്‍ഗ്രസിന്‍റെയും ആർഎസ്എസിന്‍റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ‘ഒരു ദേശം, ഒരു നേതാവ്’ എന്ന കാഴ്ചപ്പാട് നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ വയനാട്ടുകാരോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നിലമ്പൂർ റെയില്‍വേ പ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കും. വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം വനൃമൃഗശല്യമാണ്. ഇത് പലതവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സമയബന്ധിതമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

“വയനാടിന്‍റെ സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. വയനാട്ടിലെ ഓരോ വ്യക്തിയും എന്‍റെ കുടുംബത്തിലെ അംഗങ്ങളാണ്. പ്രധാനമന്ത്രിയും ബിജെപിയും ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്ന രീതിയിലാണ് കാര്യങ്ങളെ കാണുന്നത്. എന്നാൽ വിവിധ ഭാഷകൾ, സംസ്‌കാരം, മതം എല്ലാം ചേർന്നതാണ് ഇന്ത്യയുടെ സംസ്‌കാരം. ഒരു ബൊക്കെ മനോഹരമാകുന്നത് അതിൽ വിവിധ നിറങ്ങളുള്ള പൂക്കൾ കൂടിച്ചേരുമ്പോഴാണ്. ഇന്ത്യ എന്നു പറയുന്നത് വിവിധ നിറങ്ങളിലുള്ള പൂക്കൾ ചേർന്ന ഒരു മനോഹരമായ ബൊക്കെയാണ്. ഇതിനെ ഒരു നിറം മാത്രമായി കാണണമെന്ന് പറയാൻ പാടില്ല. ഒരു നേതാവ്, ഒരു ഭാഷ, എന്ന കാഴ്ചപ്പാട് രാജ്യത്തെ ഓരോ വ്യക്തിയോടുമുള്ള അവഹേളനമാണ്. കോൺഗ്രസും ബിജെപിയും തമ്മിലുളള വ്യത്യാസവും ഇവിടെയാണ്. സാധാരണക്കാരായ മനുഷ്യരുടെ ഹൃദയത്തിലുള്ളത് കേൾക്കാനും അവരുടെ വിശ്വാസങ്ങളെയും അവകാശങ്ങളെയും ബഹുമാനിക്കാനുമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. എന്നാൽ ബിജെപിയാകട്ടെ അവരുടെ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ചേർന്ന് ഇന്ത്യ ഭരിക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്” – രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന യുഡിഎഫ് മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. വൈകുന്നേരം 7.15ന് കടപ്പുറത്താണ് പരിപാടി. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ എന്നിവർക്ക് വേണ്ടി രാഹുല്‍ ഗാന്ധി വോട്ടഭ്യർത്ഥിക്കും. സ്ഥാനാർത്ഥികൾക്കൊപ്പം കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍, യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയർമാന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ്. നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോൺ തുടങ്ങിയവരും തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.

16ന് മടങ്ങുന്ന രാഹുല്‍ ഏപ്രില്‍ 18 ന് വീണ്ടും കേരളത്തിലെത്തും. 18-ന് രാവിലെ 10 മണിക്ക് കണ്ണൂരും വൈകിട്ട് 3 മണിക്ക് പാലക്കാടും 5 മണിക്ക് കോട്ടയം പാര്‍ലമെന്‍റ് നിയോജക മണ്ഡലങ്ങളിലെ സമ്മേളനങ്ങളിലും രാഹുല്‍ പങ്കെടുക്കും. ഏപ്രില്‍ 22-ന് രാവിലെ 10 മണിക്ക് തൃശൂരും വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തും 5 മണിക്ക് ആലപ്പുഴയിലുമുള്ള റാലികളിലും അദ്ദേഹം പങ്കെടുക്കും.

Comments (0)
Add Comment