തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് ജില്ലയിൽ

Jaihind News Bureau
Friday, March 26, 2021

 

പാലക്കാട് : യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് ജില്ലയിൽ എത്തും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം രാവിലെ 11.40 ന് അദ്ദേഹം പാലക്കാട് എത്തും. 11.50 ന് പാലക്കാട്, മലമ്പുഴ, ചിറ്റൂർ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് പറളി, പത്തിരിപ്പാല, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി, വാടാനംകുറിശി, ഓങ്ങല്ലൂർ, പട്ടാമ്പി എന്നീ മേഖലകളിൽ സ്ഥാനാർത്ഥികളുമായുള്ള റോഡ് ഷോയിലും ഉച്ചയ്ക്ക് മൂന്നിന് കൂറ്റനാട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

തുടർന്ന് 27 ന് ഇടുക്കി ജില്ലയിലെ പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എരുമേലിയിലെ പ്രചാരണ പരിപാടിക്ക് ശേഷമാകും അദ്ദേഹം ഇടുക്കിയിലേക്കെത്തുക. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഉടുമ്പൻചോല മണ്ഡലത്തിലെ പുറ്റടിയിലും ദേവികുളം നിയോജകമണ്ഡലത്തിലെ അടിമാലിയിലും തൊടുപുഴയിലുമാകും രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുക. ഉച്ചകഴിഞ്ഞ് മൂന്നിന് പുറ്റടിയിലെത്തുന്ന രാഹുൽ തുടർന്ന് നാലിന് അടിമാലിയിലും അഞ്ചിന് തൊടുപുഴയിലും പ്രസംഗിക്കും.