സാന്ത്വനമായി രാഹുല്‍ ഗാന്ധി മണിപ്പൂരില്‍; അസമിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു

Jaihind Webdesk
Monday, July 8, 2024

 

ഇംഫാല്‍: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞമാസം സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. അസമിലെ പ്രളയബാധിതരെ സന്ദർശിച്ചതിനു ശേഷമായിരുന്നു അദ്ദേഹം മണിപ്പൂരിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.

രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ ദുരിതാശ്വാസക്യാമ്പുകളിലെത്തി കണ്ടതിനു ശേഷമാണ് രാഹുൽ മണിപ്പൂരിലെ പ്രശ്നബാധിത മേഖലയായ ജിരിബാമിലെത്തിയത്. അതേസമയം രാഹുലിന്‍റെ സന്ദർശനത്തിന് മണിക്കൂറുകള്‍ മുമ്പ് ജിരിബാമിൽ വെടിവെപ്പുണ്ടായി. കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി അവിടെയുണ്ടായിരുന്നവരെ കേള്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദർശനവും. ചുരാചന്ദ്പൂർ, മൊയ്റാംഗ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദ‌ർശിക്കും. ചുരാചന്ദ്പൂരിൽ നിന്ന് റോഡ് മാർഗമാണ് ബിഷ്ണുപുർ ജില്ലയിലെ മൊയ്‌റാംഗിലേക്ക് പോകുന്നത്. തുടർന്ന് ഗവർണർ അനുസൂയ ഉയ്കെയുമായി കൂടിക്കാഴ്ച നടത്തുമെന്നും മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ. മേഘചന്ദ്ര പറഞ്ഞു. മണിപ്പൂരിലെ നേതാക്കളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണും.

മണിപ്പുർ കത്തുമ്പോഴും വിദേശ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ കോണ്‍ഗ്രസ് വിമർശിച്ചു. റഷ്യൻ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പുർ സന്ദർശിക്കാന്‍ തയാറാകുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പുർ സന്ദർശിക്കാൻ മോദി സമയം കണ്ടെത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.