സ്നേഹ സന്ദേശവുമായി രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍; കലാപബാധിത മേഖലകള്‍ സന്ദർശിക്കും

Jaihind Webdesk
Thursday, June 29, 2023

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിൽ. കലാപബാധിത പ്രദേശങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സ്‌നേഹ സന്ദേശവുമായാണ് രാഹുലിന്‍റെ സന്ദർശനമെന്ന് കോൺഗ്രസ് വ്യക്തമാക്കി.  മണിപ്പൂരിൽ കലാപം ആളിക്കത്തുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുൽ ഗാന്ധി കലാപഭൂമി സന്ദർശിക്കുക. കത്തിയെരിയുന്ന മണിപ്പൂരിൽ സ്‌നേഹസന്ദേശവുമായാണ് രാഹുൽ ഗാന്ധി എത്തുന്നത്. ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകളിലും പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.

ഇന്ന് മണിപ്പൂരിൽ തുടരുന്ന രാഹുൽ ഗാന്ധി നാളെയാണ് മടങ്ങുക. മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി വ്യക്തമാക്കി. വിദ്വേഷത്തെ തോൽപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വംശീയ കലാപത്തിൽ കുടിയിറക്കപ്പെട്ടവരെ സഹായിക്കാനായി കുറഞ്ഞത് 10 കോടി രൂപയെങ്കിലും ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മെയ് മാസത്തിൽ മുഖ്യമന്ത്രി സോറംതംഗ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പക്ഷേ ഇിതനോടെല്ലാം കേന്ദ്ര സർക്കാർ മുഖം തിരിക്കുകയാണെന്ന് മണിപ്പൂർ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.