ആന്ധ്രയിൽ ആവേശത്തിരയിളക്കി രാഹുൽ ഗാന്ധി

ആന്ധ്രയിൽ ആവേശത്തിരയിളക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിയമസഭാ – ലോക്‌സഭാ പൊതുതെരെഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടത്തിയ ആദ്യ സന്ദർശനത്തിൽ കുർണൂലിൽ വിവിധയിടങ്ങളിലായി വൻജനക്കൂട്ടമാണ് രാഹുലിന് അഭിവാദ്യമർപ്പിക്കാനെത്തിയത്.

കുർണൂലിൽ എത്തിയ രാഹുൽ ഗാന്ധി ആന്ധ്രയുടെ മനസിലാണ് തൊട്ടത്. അന്ധ്രയിലെ കോൺഗ്രസിന്റെ അമരത്ത് ദീർഘകാലമുണ്ടായിരുന്ന മുൻമുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ ദാമോദര സജ്ഞീവയ്യക്കും വിജയഭാസ്‌ക്കരറെഡ്ഡിക്കും ആദരമർപ്പിച്ചാണ് തന്റെ പര്യടനം തുടങ്ങിയത്. റെഡ്ഡി കൺവെൻഷൻ സെന്‍ററിൽ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിലും കുർണൂലിലെ പൊതുസമ്മേളനത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.

കുർണൂലിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുമെന്ന വാഗ്ദാനവും നടത്തി. നോട്ട് നിരോധനം, റാഫേൽ ഇടപാടിലെ അഴിമതി, വിജയ് മല്യയുടെ ബാങ്ക് തട്ടിപ്പ് എന്നിവ അക്കമിട്ട് നിരത്തിയ രാഹുൽ, മോദിക്കും കേന്ദ്രത്തിന്റെ ദുർഭരണത്തിനുമെതിരെ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റായി മാറി.

മോദി ഭരണത്തിൽ രാജ്യത്ത് സർവത്ര അഴിമതിയാണ് നടക്കുന്നതെന്നും റാഫേൽ കരാർ മാറ്റിയെഴുതിയത് അനിൽ അംബാനിക്കുവേണ്ടിയവാണെന്നും അദ്ദേഹം പറഞ്ഞു. കരാർ മാറ്റിയെഴുതുന്നതിന് കൂട്ടുനിന്ന പ്രധാനമന്ത്രി രാജ്യത്തിന് കോടികളുടെ നഷ്ടമാണ് വരുത്തിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. റാഫേൽ അഴിമതി സംബന്ധിച്ച് താൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് അംഗങ്ങളുടെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ബാങ്കുകളിൽ നിന്നും കോടികളുടെ വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തിയ വിജയ്മല്യയെ രാജ്യം വിടാൻ അനുവദിച്ചത് അരുൺ ജയ്റ്റ്‌ലിയാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ആദ്യപര്യടനം ആന്ധ്രയിലെ കോൺഗ്രസിന് പുതിയ ഊർജ്ജമാണ് പകർന്നു നൽകിയത്.

rahul gandhiandhra pradeshnarendra modicongressKurnool
Comments (0)
Add Comment