രാഹുൽ ഗാന്ധി നാളെ കേരളത്തില്‍ ; മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും

 

കല്‍പ്പറ്റ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചക്ക് 12.30 ന് മലപ്പുറം കളക്ടറേറ്റില്‍ കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും.  ഉച്ചയ്ക്ക് 2 മണിയോടെ  വയനാട്ടിലേക്ക് പുറപ്പെടും.

19, 20, 21 തീയതികളിലായി വയനാട്‌ പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് രാഹുൽ ഗാന്ധി എത്തുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടം നല്‍കാതെ വികസന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കുമാണ് അദ്ദേഹം ഊന്നല്‍ നല്‍കുക. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ എന്നിവയാണ് സന്ദര്‍ശനം കൊണ്ട് പ്രധാനമായും ലക്ഷ്യംവെക്കുന്നത്.

20 ന്‌ രാവിലെ വയനാട്‌ കളക്‌ടറേറ്റില്‍ കൊവിഡ്‌ 19 മായി ബന്ധപ്പെട്ട യോഗത്തിലും തുടര്‍ന്ന്‌ 11.30 ന് ക്രേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ തല വികസന കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിംഗ്‌ (ഡിഷ) യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.  ഭാരത് മാല പദ്ധതിയുടെ അലൈന്‍മെന്‍റ് സംബന്ധിച്ചും രാഹുല്‍ കളക്ടറുമായി ചര്‍ച്ച നടത്തും. പദ്ധതിയുടെ ഭാഗമായി മൈസൂര്‍ മാനന്തവാടി മലപ്പുറം പാതയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതിയായിട്ടുണ്ട്. 21 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം വൈകിട്ട് 3.20 ന്‌ കാര്‍ മാര്‍ഗം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക്‌ പോകുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മടങ്ങും.

Comments (0)
Add Comment