‘നിങ്ങളുടെ ത്യാഗത്തെയും സമര്‍പ്പണത്തെയും കുറിച്ചോര്‍ക്കുമ്പോള്‍ ആദരവും അഭിമാനവും’; നഴ്‌സുമാരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി,സംവാദം | VIDEO

Jaihind News Bureau
Wednesday, July 1, 2020

 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍  നഴ്‌സുമാരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ  സംവാദത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.  ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന  ഇന്ത്യന്‍ വംശജരായ നഴ്‌സുമാരെക്കുറിച്ച് താന്‍ അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ ത്യാഗത്തെയും സമര്‍പ്പണത്തെയും കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ ആദരവും അഭിമാനവുമുണ്ട്. സ്വന്തം ജീവന്‍ മറന്നുകൊണ്ട് മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള നിങ്ങളുടെ ജീവിതത്തെക്കുറിച്ചറിയുമ്പോള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കൊവിഡ് പ്രതിസന്ധിയിൽ സ്വകാര്യ ആശുപത്രികൾ നഴ്സുമാരെ ചൂഷണം ചെയ്യുകയാണെന്ന് ഡൽഹി എയിംസിലെ മലയാളി നഴ്സ് വിപിൻ കൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകർ കടന്നു പോകുന്നത് ദുഷ്കരമായ സാഹചര്യത്തിലൂടെയാണെന്നും  വിപിൻ കൃഷ്ണൻ പറഞ്ഞു.

ഡൽഹിയിൽ ഉൾപ്പെടെ ജൂലൈ മാസത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അതിന് പര്യാപ്തമായ ചികിത്സാ സൗകര്യങ്ങൾ ഡൽഹിയിലില്ലെന്നും വിപിൻ കൃഷ്ണൻ അഭിപ്രായപ്പെട്ടു. വിപിൻ കൃഷ്ണനു പുറമെ ന്യൂസിലന്‍ഡില്‍ നിന്നും തൃശ്ശൂർ നടവരമ്പ സ്വദേശി അനു രംഗനാഥ്, യുകെയിൽ നിന്നും ആലപ്പുഴ രാമൻകാരി സ്വദേശി
ഷെറില്‍ മോൾ  ആസ്ട്രേലിയയിൽ നിന്നും രാജസ്ഥാൻ സ്വദേശി നരേന്ദ്ര സിംഗ് എന്നിവരും സംവാദത്തിന്‍റെ ഭാഗമായി.

https://www.facebook.com/JaihindNewsChannel/videos/755560105252108