മലയോര മേഖലയുടെ മനസ് കീഴടക്കി രാഹുൽ ഗാന്ധി ; ഇടുക്കിയില്‍ ആവേശമായി റോഡ് ഷോ

Jaihind News Bureau
Saturday, March 27, 2021

 

ഇടുക്കിയുടെ മനസ് കീഴടക്കി  രാഹുൽ ഗാന്ധിയുടെ പര്യടനം.  യു.ഡി.എഫ് അധികാരത്തിലെത്തിയാൽ  ന്യായ് പദ്ധതി നടപ്പാക്കുമെന്നും  ക്ഷേമപെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി  പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ജനസഞ്ചയമാണ് രാഹുലിനെ കേള്‍ക്കാനായി എത്തിയത്.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചെറുപ്പക്കാർ ജോലിയ്ക്ക് വേണ്ടി മുട്ടിലിഴയുന്നു. സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് വ്യക്തമായ സാമ്പത്തിക പദ്ധതിയാണ് യു.ഡി.എഫ് അവതരിപ്പിച്ചിട്ടുള്ള ന്യായ് പദ്ധതി. ഇത് കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതാണ്. ജനങ്ങളുടെ കയ്യിൽ പണം ഉണ്ടാവുക എന്നതാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരൻ്റെ കയ്യിൽ പണം എത്തിക്കുക എന്നതാണ് ലക്ഷ്യം.  കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ക്ഷേമപദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

72000 രൂപ പാവപ്പെട്ടവൻ്റെ അക്കൗണ്ടിൽ ഉറപ്പു വരുത്തും. 3000 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും. വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽക്കും. റബ്ബർ, നെല്ല് തുടങ്ങി എല്ലാ കാർഷിക വിളകൾക്കും തറവില പ്രഖ്യാപിക്കും. ഇതുപോലെ എന്തു പദ്ധതിയാണ് ബി.ജെ.പിയ്ക്കും എൽ.ഡി.എഫിനും പ്രഖ്യാപിക്കാനുള്ളതെന്നും രാഹുൽ ചോദിച്ചു.