വയനാടിനായി വീണ്ടും രാഹുല്‍ ഗാന്ധിയുടെ കരുതല്‍; ആയിരത്തില്‍പരം രോഗികള്‍ക്ക് ഡയാലിസിസ് കിറ്റും മരുന്നുകളും സ്വന്തം ചെലവിൽ ലഭ്യമാക്കി

Jaihind News Bureau
Saturday, May 16, 2020

വയനാട് പാർലമെന്‍റ്  മണ്ഡലത്തിലെ  ആയിരത്തില്‍പരം കി‍ഡ്നി രോഗികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്. ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവരും, കി‍ഡ്നി, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കും രാഹുൽ ഗാന്ധി സ്വന്തം ചെലവിൽ ഡയാലിസിസ് കിറ്റും മരുന്നുകളും ലഭ്യമാക്കി.

നേരത്തെ മണ്ഡലത്തിലെ കിഡ്നി രോഗികൾക്ക് രാഹുൽ ഗാന്ധി സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി സഹായം വേണ്ടവർക്ക് എംപി ഓഫീസ് മുഖേന അപേക്ഷയും ക്ഷണിച്ചു. ഇതിനു പിന്നാലെയാണ് ചികിത്സാ കിറ്റുകൾ വിതരണത്തിന് എത്തിയത്. രാഹുൽ ഗാന്ധിയുടെ സ്വന്തം ചെലവിൽ 1300 രോഗികൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് എപി അനിൽകുമാർ എംഎൽഎ അറിയിച്ചു.

വയനാട് ജില്ലയിലും, തിരുവമ്പാടി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലും മരുന്നുകള്‍ ഇന്ന് തന്നെ എത്തും. അടുത്ത ആഴ്ച്ചയോടെ രോഗികളുടെ മുഴുവൻ വീടുകളില്‍ മരുന്നുകള്‍ എത്തിക്കും. മാസ്കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മല്‍ സ്കാനറുകള്‍ എന്നിവ രാഹുൽ ഗാന്ധി നല്‍കിയതിനു പുറമേ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും പയറും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളും എത്തിച്ചിരുന്നു. കൊവിഡ് -19 രോഗവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇതിനകം രാഹുല്‍ ഗാന്ധി എം.പി. ചെയ്ത നിരവധി കാര്യങ്ങളുടെ തുടര്‍ച്ചയായിട്ടാണ്  മരുന്നുകളുടെ വിതരണം.