രാഹുൽ ഗാന്ധിയുടെ ഇടപെടൽ; ലോക്ഡൗണില്‍ കുടുങ്ങിയ നവോദയ വിദ്യാർത്ഥികള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു

Jaihind News Bureau
Wednesday, May 6, 2020

 

കൽപ്പറ്റ:  ലോക്ഡൗണിനെ തുടര്‍ന്ന്  ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ വയനാട്ടിലേക്കും വയനാട്ടിൽ കുടുങ്ങിയ നൈനിറ്റാളിലെ വിദ്യാർത്ഥികൾ തിരിച്ചും യാത്ര പുറപ്പെട്ടു.  ഇരു സംസ്ഥാനങ്ങളിലേക്കും യാത്ര മുടങ്ങിയ വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി എം.പി ഇടപെട്ടാണ് നാട്ടിൽ എത്തിക്കുന്നത്.

നവോദയ വിദ്യാലയ മൈഗ്രേഷൻ സ്കീം അനുസരിച്ച് വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന 12 പെൺകുട്ടികളും 8 ആൺകുട്ടികളും നൈനിറ്റാൾ ജവഹർ നവോദയ വിദ്യാലയത്തിലേക്കും നൈനിറ്റാൾ ജവാഹർ നവോദയ വിദ്യാലയത്തിലെ 13ആൺ കുട്ടികളും 8 പെൺകുട്ടികളും ലക്കിടി നവോദയയിലും ഇക്കഴിഞ്ഞ വർഷം പഠിക്കാൻ എത്തുകയായിരുന്നു. മാർച്ച്‌ 23 ന് കോഴ്സ് പൂർത്തിയാക്കി തിരിച്ചു പോകാൻ ഇരു കൂട്ടരും രാജധാനി ട്രെയിൻ ടിക്കറ്റുകളും റിസേർവ് ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൌൺ കാരണം യാത്ര അനിശ്ചിതമായി നീണ്ടു. ഇത് രക്ഷിതാക്കളിലും ആശങ്ക പരത്തി. വിദ്യാർത്ഥികളെ പരസ്പരം തിരിച്ചയക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ഇടപെട്ട് കാര്യങ്ങൾ വേഗത്തിലാക്കുകയായിരുന്നു.

ഇന്ന് രാവിലെ പ്രത്യേകം തയ്യാറാക്കിയ ബസുകളിലാണ് ഇരു കൂട്ടരും യാത്ര പുറപ്പെട്ടത്. നൈനിറ്റാളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം രാഹുൽ ഗാന്ധി നേരത്തെയും അന്വേഷിച്ചിരുന്നു. ഇരു കൂട്ടരും നാളെ വൈകുന്നേരത്തോടെ മധ്യപ്രദേശിലെ സിയോണിയിൽ എത്തും. തുടർന്ന് ബസുകൾ മാറി സ്വദേശങ്ങളിലേക്ക് യാത്ര തിരിക്കും. ഭക്ഷണം, വിശ്രമം, ശുചിമുറികൾ തുടങ്ങിയവയെല്ലാം നവോദയ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു തയ്യാറാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ ലക്കിടിയിൽ നിന്ന് നൈനിറ്റാൾ വിദ്യാർത്ഥികളെ യാത്രയയക്കാൻ നവോദയ സ്കൂൾ പ്രിൻസിപ്പൽ എം ജി അരവിന്ദാക്ഷൻ, വിദ്യാലയ മാനേജിങ് കമ്മിറ്റിയിലെ രാഹുൽ ഗാന്ധി എം. പി യുടെ പ്രതിനിധി വി. ഏ. മജീദ്, വൈസ് പ്രിൻസിപ്പൽ പി. വി. വര്ഗീസ്, മറ്റു സ്റ്റാഫ്‌അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു