അപകീർത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Jaihind Webdesk
Friday, June 7, 2024

 

ബംഗളുരു: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. 40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനായിരുന്നു കേസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായിരുന്നു ആരോപണം. നിലവിലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേസിൽ പ്രതികളാണ്. ബംഗളുരുവിലെ പ്രത്യേക കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30-ന് കോടതി വീണ്ടും പരിഗണിക്കും.

കർണാടകയിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാർ 2019-2023 കാലയളവിൽ വലിയ അഴിമതി നടത്തിയെന്ന് കോൺഗ്രസ് നൽകിയ പരസ്യത്തില്‍ ബിജെപി എംഎൽസി കേശവ് പ്രസാദാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ  കേസ് നല്‍കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കേസിനാസ്പദമായ പരാതി. കേസ് ഈ മാസം 13-ന് വീണ്ടും പരിഗണിക്കും. ‘അഴിമതി നിരക്ക് കാർഡ്’ എന്ന തലക്കെട്ടിലുള്ള പരസ്യങ്ങൾ ബിജെപിയുടെ ബസവരാജ് ബൊമ്മൈ സർക്കാർ 40 ശതമാനം കമ്മീഷൻ സർക്കാർ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറുമാണ് പരസ്യം നൽകാൻ നേതൃത്വം നൽകിയതെന്നും ഈ പരസ്യങ്ങൾ എക്‌സിലെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ചതായും ബിജെപി പരാതിയിൽ ആരോപിച്ചിരുന്നു. കേസിൽ സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനും ജൂൺ ഒന്നിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.