മോദി സര്‍ക്കാര്‍ രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നു; വിദ്വേഷത്തെ സ്‌നേഹം കൊണ്ട് നേരിടുമെന്ന് രാഹുല്‍ഗാന്ധി

Jaihind Webdesk
Friday, June 7, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷനും നിയുക്ത എംപിയുമായ രാഹുല്‍ ഗാന്ധി. മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിനെ സ്‌നേഹം കൊണ്ട് മാത്രമേ നേരിടാനാകൂ- രാഹുല്‍ പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കടമയുണ്ട്. അത് ഈ രാജ്യത്തെ സാധരണ ജനങ്ങള്‍ക്കു വേണ്ടിയാണ്- രാഹുല്‍ഗാന്ധി വ്യക്തമാക്കി. വയനാടിന്റെ മുഖച്ഛായ മാറ്റുന്നതിനായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു. മണ്ഡലത്തിലെ നിലമ്പൂരില്‍ ലഭിച്ച സ്വീകരണങ്ങള്‍ക്ക് നന്ദിപറഞ്ഞ് സംസാരിക്കവേയാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്.

കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാമായി നൂറു കണക്കിന് ആള്‍ക്കാരാണ് കനത്ത മഴയിലും പ്രിയ നേതാവിനെ കാണാന്‍ തിരുവാലിയില്‍ ഒത്തുകൂടിയത്.
മലപ്പുറം കാളികാവിലും നൂറുകണക്കിനു പേരാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്. കേരളത്തിനു വേണ്ടി പാര്‍ലമെന്റിന് അകത്തുപുറത്തും പോരാടുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
പാര്‍ട്ടിക്ക് അതീതമായി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും, വയനാടിനാകും പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

ആവേശക്കടല്‍ തീര്‍ത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലമ്പൂര്‍ നിയോജക മണ്ഡലം സന്ദര്‍ശനം. മഴയെ അവഗണിച്ച് നിലമ്പൂര്‍ ചന്തക്കുന്നില്‍ ആയിരക്കണക്കിന് ആളുകളാണ് രാഹുല്‍ ഗാന്ധിയെ കാണാനായി തടിച്ചു കൂടിയത്.  നിലമ്പൂര്‍ ചന്തക്കുന്നില്‍ ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. വൈകീട്ട് 5.30യോടെ ചന്തക്കുന്നില്‍ എത്തിച്ചേര്‍ന്ന രാഹുല്‍ ഗാന്ധി തുറന്ന വാഹനത്തില്‍ ചെട്ടിപ്പടി യുപി സ്‌കൂള്‍ വരെ റോഡ് ഷോ നടത്തി. വയനാടാണ് ഞാന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലം എങ്കിലും കേരളത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ശ്രദ്ധ ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കനത്ത മഴയെ അവഗണിച്ചു സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ നിരവധി പേരാണ് രാഹുല്‍ ഗാന്ധിയെ കാണാനായി ക്ഷമയോടെ മണിക്കൂറുകളോളം ചന്ത കുന്നില്‍ കാത്തു നിന്നത്. റോഡ് ഷോ യുഡിഎഫ് പ്രവര്‍ത്തകരിലും നാട്ടുകാരിലും വലിയ ആവേശവും പ്രതീക്ഷയുമാണ് ഉണ്ടാക്കിയത്.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു എടവണ്ണയിലെ രാഹുല്‍ ഗാന്ധിയുടെ സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലമ്പൂരിലെയും വണ്ടൂരിലെയും സ്വീകരണ പരിപാടി വൈകിയതിനെ തുടര്‍ന്ന് ഏഴുമണിയോടുകൂടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടവണ്ണയിലേക്ക് എത്തിച്ചേര്‍ന്നത്. സീതിഹാജി പാലത്തില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ ജമാലങ്ങാടിയിലാണ് സമാപിച്ചത്. ജമാലങ്ങാടിയില്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറഞ്ഞു. നരേന്ദ്ര മോദിയുടെ വിദ്വഷ ഭരണത്തെ സ്‌നേഹം കൊണ്ട് നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

റോഡിനിരുവശവും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനായി രാത്രി വൈകിയും കാത്തു നിന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തന്നെ എടവണ്ണയിലേക്ക് ജനങ്ങള്‍ ഒഴുകി എത്തിയിരുന്നു. നാല് മണിക്ക് പെയ്ത കനത്ത മഴയും അവഗണിച്ചാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനായി പ്രവര്‍ത്തകര്‍ എടവണ്ണയില്‍ തടിച്ചു കൂടിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡിനിരുവശവും നിന്ന് രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ , കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ളീംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ , ഏറനാട് നിയമസഭാംഗം പി കെ ബഷീര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷയില്‍ പങ്കെടുത്തു.