പാർലമെന്‍റില്‍ ബഹളമുണ്ടായപ്പോൾ നെഞ്ചുവിരിച്ച് നേതാവ്; രാഹുൽ ​ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ്

Jaihind Webdesk
Wednesday, December 13, 2023

പാർലമെന്‍റില്‍ അതിക്രമിച്ച് കയറി കളർ സ്പ്രേ പ്രയോ​ഗിച്ചപ്പോൾ അക്ഷോഭ്യനായി നിൽക്കുന്ന രാഹുൽ ​ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനഥേ. ഭയപ്പെടേണ്ട. വാക്കുകളല്ല, പ്രവൃത്തികളിലൂടെയും കാണിച്ചു. ‘പാർലമെന്‍റില്‍ ബഹളമുണ്ടായപ്പോൾ നേതാവ് നെഞ്ചുവിരിച്ച് നിന്നു’ എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു ചിത്രം പങ്കുവെച്ചത്.

ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയത്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഗാലറിയില്‍ നിന്ന് ചാടിയവരില്‍ നിന്ന് മഞ്ഞനിറത്തിലുള്ള സ്പ്രേ പിടികൂടിയിട്ടുണ്ട്. ശൂന്യവേള നടക്കുന്നതിനിടെയാണ്‌ സംഭവം. രണ്ടു പേരാണ് സന്ദർശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയത്. എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.

സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എംപിമാര്‍ പറഞ്ഞു. പാര്‍ലമെന്‍റിന് പുറത്ത് കളര്‍ ബോംബ് പ്രയോഗിച്ചവരും പിടിയിലായിട്ടുണ്ട്. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാ വീഴ്ച.