Rahul Gandhi| രാഹുലിന്റെ ‘വോട്ടര്‍ അധികാര്‍ യാത്ര’ക്ക് പിന്നാലെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; നിര്‍ണായക ചോദ്യങ്ങള്‍ക്ക് മൗനം

Jaihind News Bureau
Sunday, August 17, 2025

ന്യൂഡല്‍ഹി: ബിഹാറില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ‘വോട്ടര്‍ അധികാര്‍ യാത്ര’ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം, ‘വോട്ട് മോഷണ’ ആരോപണങ്ങളെ പ്രതിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിയ കമ്മീഷന്‍, ഇക്കാര്യങ്ങളില്‍ അന്വേഷണം ഇല്ലെന്നു വ്യക്തമാക്കി. ഇലക്ഷന്‍ കമ്മിഷനെ മറയാക്കി വോട്ടര്‍മാരെ കുറ്റപ്പെടുത്തുകയാണെന്നും കമ്മിഷന്‍ ആരോപിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധി ഉന്നയിച്ച നിര്‍ണായകമായ കണക്കുകള്‍ക്കോ ചോദ്യങ്ങള്‍ക്കോ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന നിലപാടാണ് ഇന്നത്തെ പത്രസമ്മേളനത്തിലൂടെ കമ്മീഷന്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ബിഹാറിലെ സസാരത്തില്‍ യാത്ര ആരംഭിച്ച അതേ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ അസാധാരണ വാര്‍ത്താസമ്മേളനം. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് പ്രഖ്യാപിച്ചാണ് ‘വോട്ടുര്‍ അധികാര്‍ യാത്ര’യ്ക്ക് തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പുകളില്‍ നടക്കുന്ന ആസൂത്രിതമായ ‘വോട്ട് മോഷണ’ത്തിനെതിരെ ജനങ്ങളെ അണിനിരത്തുകയാണ് യാത്രയുടെ ലക്ഷ്യം.

കമ്മീഷന്റെ പ്രതിരോധം, കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍

‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമലില്‍ തോക്ക് വെച്ച് ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയം കളിക്കുമ്പോള്‍, കമ്മീഷന്‍ ഭയമില്ലാതെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും ഒപ്പം പാറപോലെ ഉറച്ചുനിന്നിട്ടുണ്ടെന്നും ഇനിയും നിലകൊള്ളുമെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു,’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരട്ട വോട്ട് പോലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചവരോട് തെളിവ് ചോദിച്ചപ്പോള്‍ ആരും മറുപടി നല്‍കിയില്ലെന്നും കമ്മീഷന്‍ അവകാശപ്പെട്ടു.

എന്നാല്‍, രാഹുല്‍ ഗാന്ധി ഉന്നയിച്ച സുപ്രധാന ചോദ്യങ്ങള്‍ക്ക് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്ന് വ്യക്തമാണ്.
1. മഹാരാഷ്ട്രയില്‍ ബിജെപി വിജയിച്ചയിടങ്ങളില്‍ തിരഞ്ഞെടുപ്പിനിടെ ‘മാന്ത്രികമായി’ പ്രത്യക്ഷപ്പെട്ട ഒരു കോടി പുതിയ വോട്ടര്‍മാരെക്കുറിച്ച് കമ്മീഷന്‍ എന്ത് പറയുന്നു?
2. ബെംഗളൂരു സെന്‍ട്രലിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടു എന്ന കണക്കുകള്‍ക്ക് എന്ത് മറുപടിയാണ് നല്‍കാനുള്ളത്?
3. വോട്ട് മോഷണ ആരോപണം ഉന്നയിച്ച തന്നോട് സത്യവാങ്മൂലം ആവശ്യപ്പെട്ട കമ്മീഷന്‍, സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി നേതാക്കളോട് എന്തുകൊണ്ട് അത് ആവശ്യപ്പെട്ടില്ല?

ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാതെ, പൊതുവായ പ്രസ്താവനകള്‍ നടത്തി കമ്മീഷന്‍ ഒഴിഞ്ഞുമാറിയത് അവരുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്.

പ്രതിപക്ഷം ഉയര്‍ത്തുന്ന വസ്തുതാപരമായ ആശങ്കകളെ അഭിമുഖീകരിക്കുന്നതിനു പകരം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകാരികമായ പ്രസ്താവനകള്‍ നടത്തി സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്ര ജനശ്രദ്ധ നേടുന്നതിലും വോട്ടവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതിലുമുള്ള അസ്വസ്ഥതയാണ് കമ്മീഷന്റെ തിടുക്കത്തിലുള്ള വാര്‍ത്താ സമ്മേളനത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു. വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ‘വോട്ടര്‍ അധികാര്‍ യാത്ര’ ഇതിന്റെ തുടക്കം മാത്രമാണെന്നും ഇന്ത്യാ സഖ്യം പ്രഖ്യാപിക്കുന്നു.