Rahul Gandhi | തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ കൂട്ടാളി; വന്‍ വോട്ട് തട്ടിപ്പില്‍ അണുബോംബായി തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, August 7, 2025

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബിജെപി) ചേര്‍ന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘വോട്ട് മോഷണത്തിന്’ (വോട്ട് ചോരി) തന്റെ കൈവശം ‘അണുബോംബ്’ ഉണ്ടെന്ന് കഴിഞ്ഞയാഴ്ച സൂചിപ്പിച്ച രാഹുല്‍, ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വിശദമായ വാര്‍ത്താ സമ്മേളനത്തിലാണ് ഞെട്ടിക്കുന്ന തെളിവുകളുടെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി, വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെയും വ്യാജ വിലാസങ്ങളും ചേര്‍ത്തതിനുള്ള തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തു വിട്ടു.

അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് 25 സീറ്റുകള്‍ ‘മോഷ്ടിച്ചാല്‍’ മതിയായിരുന്നു

2024ല്‍ അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രിക്ക് കേവലം 25 സീറ്റുകള്‍ ‘മോഷ്ടിക്കേണ്ട’ ആവശ്യമേ ഉണ്ടായിരുന്നുള്ളൂവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33,000-ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി 25 സീറ്റുകളില്‍ വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേരിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചാണ് ബിജെപി വിജയം ഉറപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

2023ലെ ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് മുതല്‍ തന്നെ തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ സംശയമുണ്ടായിരുന്നെന്നും, 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പോടെ അത് ഉറപ്പായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും സഖ്യകക്ഷികളും ബിജെപിയോട് പരാജയപ്പെട്ടിരുന്നു.

കര്‍ണാടകയിലെ മഹാദേവപുരയില്‍ മാത്രം ഒരു ലക്ഷം വ്യാജവോട്ടര്‍മാര്‍

കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവും അസാധുവുമായ വിലാസങ്ങള്‍ കണ്ടെത്തിയതായി രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയോട് പരാജയപ്പെട്ട മണ്ഡലമാണ് മഹാദേവപുര. ‘ഞാനൊരു രാഷ്ട്രീയക്കാരനാണ്, ഞാന്‍ ജനങ്ങളോടാണ് സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധി പറയുന്നത് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പറഞ്ഞിട്ടില്ല,’ എന്നും രാഹുല്‍ ഗാന്ധി വികാരാധീനനായി പറഞ്ഞു.

തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെ, ഉന്നയിച്ച അവകാശവാദങ്ങള്‍ക്ക് തെളിവ് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കാണിച്ച തെളിവുകള്‍ സഹിതം വോട്ടര്‍ പട്ടികയിലെ കൃത്രിമത്വം സംബന്ധിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഓഗസ്റ്റ് 8നകം സമര്‍പ്പിക്കാന്‍ കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.