കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി ; പാർലമെന്‍റിലേക്ക് ട്രാക്ടറിലെത്തി നേതാവ്

Jaihind Webdesk
Monday, July 26, 2021

ന്യൂഡല്‍ഹി : പെഗാസസ്, കാര്‍ഷിക വിഷയങ്ങളില്‍ പാര്‍ലമെന്‍റ്  ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭ 12 മണിവരെയും ലോക്സഭ 2 മണിവരേയും നിര്‍ത്തിവെച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. പാർലമെന്‍റിലേക്ക് ട്രാക്ടറോടിച്ചായിരുന്നു അദ്ദേഹം എത്തിയത്. കർഷകരുടെ വികാരം മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകർക്കായി  പ്രതിഷേധിച്ച എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാല അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വിവാദമായ കാർഷിക നിയമങ്ങൾ  റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റിലേക്ക് എത്തിക്കാനാണ് താന്‍ ശ്രമിച്ചത്. കർഷകരുടെ ശബ്ദങ്ങൾ സർക്കാർ അടിച്ചമർത്തുകയാണ്, ചര്‍ച്ച നടത്താനും സമ്മതിക്കുന്നില്ല. അവർ ഈ കറുത്ത നിയമങ്ങൾ റദ്ദാക്കേണ്ടിവരും. രണ്ടോ മൂന്നോ വന്‍കിട ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. കാർഷിക നിയമങ്ങളിൽ നമ്മുടെ കൃഷിക്കാർ സന്തുഷ്ടരാണെന്നും പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നും സർക്കാർ പറയുന്നു. എന്നാൽ വാസ്തവത്തിൽ, കർഷകരുടെ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.