പ്രാണപ്രതിഷ്ഠാ സമയത്ത് അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കുന്നതിന് രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല

Jaihind Webdesk
Sunday, January 21, 2024

 

ദിസ്പുർ: അസമിലെ ക്ഷേത്രം സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് വിലക്കേർപ്പെടുത്തി ക്ഷേത്രം ട്രസ്റ്റ്. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്‍റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. തിങ്കളാഴ്ച ബട്ടദ്രവ സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞതിന് ശേഷം രാഹുൽ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അയോധ്യ പ്രതിഷ്ഠാ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്ന് സത്രത്തിന്‍റെ മാനേജ്മെന്‍റ് കമ്മിറ്റിയും അറിയിച്ചു. പ്രതിഷ്ഠാ സമയത്ത് ഒട്ടേറെ ഭക്തരെത്തുന്ന സമയമാണെന്ന് മറ്റ് ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും കമ്മിറ്റിക്കാർ പറയുന്നു. മൂന്നു മണിക്കു ശേഷം രാഹുൽ ഗാന്ധിക്ക് സന്ദർശനം നടത്താമെന്നും മാനേജ്മെന്‍റ് അറിയിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെയാണ് കടന്നുപോകുന്നത്. ബട്ടദ്രവ സത്രം സന്ദർശിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി രാഹുല്‍ ഗാന്ധി ഭാരവാഹികളെ അറിയിച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നു യോഗം ചേർന്നതിനു പിന്നാലെയാണ് രാവിലെ സന്ദർശനം അനുവദിക്കാൻ കഴിയില്ലെന്ന തീരുമാനം രാഹുലിനെ അറിയിച്ചത്.

അതേസമയം പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അസം സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി നൽകണമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു. പ്രതിഷ്ഠാ ദിനമായ സംസ്ഥാനത്ത് നാളെ വൈൻ ഷോപ്പുകൾ അടച്ചിടുമെന്നും ഇറച്ചി, മീൻ കടകൾ, മാർക്കറ്റുകൾ എന്നിവ വൈകിട്ട് നാലു വരെയും അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.