
ന്യൂഡല്‍ഹി: ലോകം അതീവ സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഗുരുതരമായ ഭീഷണി നേരിടുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹോര്‍മുസ് കടലിടുക്ക് വഴി എത്തുന്ന ഇന്ത്യയുടെ ഇന്ധന ഇറക്കുമതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 40 ശതമാനത്തിലധികം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. എല്‍.പി.ജി, എല്‍.എന്‍.ജി എന്നിവയുടെ കാര്യത്തില്‍ സ്ഥിതി ഇതിലും മോശമാണ്. നിലവിലെ സംഘര്‍ഷാവസ്ഥ ഈ വിതരണ ശൃംഖലയെ ബാധിക്കുന്നത് രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുങ്ങിയതോടെ സംഘര്‍ഷം ഇന്ത്യയുടെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ നയിക്കാന്‍ ഉറച്ച നിലപാടുള്ള ഒരു നേതൃത്വത്തെയാണ് ഈ ഘട്ടത്തില്‍ ആവശ്യം. എന്നാല്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്വയംഭരണാധികാരം അടിയറവ് വെച്ച, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് രാഹുല്‍ പരിഹസിച്ചു.
തന്ത്രപ്രധാനമായ കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഇന്ത്യയുടെ ശേഷി മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.