രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലില്‍; പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല, ബിജെപിക്ക് എതിരെ ആശയ പോരാട്ടം നടത്തുമ്പോൾ മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, April 18, 2024

 

പാലക്കാട്: കേരള മുഖ്യമന്ത്രിയെ എന്തു കൊണ്ടാണ് ഇഡിയും സിബിഐയും ചോദ്യം ചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി കണ്ണൂരിൽ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കണ്ണൂരിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കും എതിരെ ഞാൻ പോരാട്ടം തുടരും. ഓരോ ദിവസവും അവരെ എങ്ങനെ അസ്വസ്ഥതപ്പെടുത്തുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇതാേടെ അവർ എന്നെ ശത്രുവായി കാണുകയാണ്. അതിന് ഞാൻ കനത്ത വിലയാണ് നൽകേണ്ടി വരുന്നത്. എന്നെ വ്യക്തിപരമായി അവർ അപമാനിച്ചു അവരെ പിന്തുണക്കുന്ന ചാനലുകൾ, മാധ്യമങ്ങൾ എന്നെ വ്യക്തിഹത്യ ചെയ്തതായും രാഹുൽ ഗാന്ധി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇഡിയൊ, സിബിഐയോ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസർക്കാർ ജയിലിൽ ആക്കുന്നില്ല. രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ല. സത്യസന്ധമായ എതിർപ്പാണെങ്കിൽ ബിജെപി പിന്നാലെ വരും. ഞാൻ 24 മണിക്കൂർ ബിജെപിക്ക് എതിരെ ആശയ പോരാട്ടം നടത്തുമ്പോൾ എന്ത് കൊണ്ട് കേരള മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ വിമർശിക്കുന്നുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദാനിക്കെതിരെ പ്രസംഗിച്ചതിന് പിന്നാലെ തന്നെ ലോക്സഭയിൽ നിന്ന് പുറത്താക്കി, താൻ താമസിച്ച വീട്ടിൽ നിന്നും പുറത്താക്കി. ഇന്ത്യ മുഴുവൻ തനിക്ക് വീടുണ്ടെന്നും മോശപ്പെട്ട വീട്ടിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ് രാജ്യത്തെ ഇഡിയും സിബിഐയും. ഇതിനെ പിടിച്ചെടുക്കുക വഴി ജനാധിപത്യത്തെ തകർക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു ഭാഷ ഒരു ചരിത്രം എന്നിവ അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. ഇതിലൂടെ  രാജ്യത്തെ ഓരോരുത്തരെയും അപമാനിക്കുകയാണ് ബിജെപിയും ആർഎസ്എസും. ഒരു സംസ്ഥാനത്തിന്‍റെ ഭാഷയെയും, സംസ്ക്കാരത്തെയും ആദ്യം അവർ അംഗീകരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി കെ.സുധാകരൻ, കാസർഗോഡ് മണ്ഡലം സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംബന്ധിച്ചു.