മോദിയും രാജ്യത്തെ ചില കോടീശ്വരന്മാരും തമ്മില്‍ മാച്ച് ഫിക്‌സിംഗ് നടത്തുന്നു; ഇത് ഇന്ത്യയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, March 31, 2024

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് മരവിപ്പിച്ചുവെന്നും പ്രധാന പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുന്നുവെന്നും രാഹുല്‍ ഗാന്ധി. മോദിയും രാജ്യത്തെ ചില കോടീശ്വരന്മാരും തമ്മില്‍ മാച്ച് ഫിക്‌സിംഗ് നടത്തുന്നു. ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും ജിഎസ്ടി കൊണ്ട് ആര്‍ക്കാണ് ഉപകാരമുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ തകര്‍ത്ത് പ്രതിപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന് മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിനായി അന്വേഷണ ഏജൻസികളെ കേന്ദ്രം വരുതിയിലാക്കിയെന്നും രാഹുൽ വിമർശിച്ചു. കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പണമില്ലാതായതോടെ പാർട്ടിയുടെ മുഴുവൻ പ്രവർത്തനങ്ങളും താളം തെറ്റി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഈ മാച്ച് ഫിക്സിംഗ് മോദി ഒറ്റക്കല്ല ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ചില സഹായികളും ചേർന്നാണ് ഇത് ചെയ്യുന്നത്.  ഇത്യയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.