പ്രധാനമന്ത്രിയാണോ ആര് എപ്പോൾ ക്ഷേത്രദർശനം നടത്തണം എന്ന് തീരുമാനിക്കുന്നത്; പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, January 22, 2024

ഡൽഹി: അസമില്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിൽ പ്രതിഷേധം തുടരുകയാണ്. രാഹുൽ ​ഗാന്ധിയും മറ്റ് കോൺ​ഗ്രസ് നേതാക്കളും സ്ഥലത്ത് കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്. പോലീസ് തടഞ്ഞെങ്കിലും രാഹുൽ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്. എന്തുകൊണ്ടാണു തന്നെ തടഞ്ഞതെന്നു സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുൽ ഗാന്ധി ചോദിച്ചു.

‘നമ്മൾ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. പക്ഷേ ഇവിടുത്തെ പാർലമെന്റ് അം​ഗം ​ഗൗരവ് ​ഗോ​ഗോയിയെപ്പോലും തടഞ്ഞുവച്ചു. ഇത് അനീതിയാണ്’. സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രതികരണം ഇങ്ങനെ. മഹിളാ കോൺ​ഗ്രസ് പ്രവ‍ർത്തകർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി ധ‍ർണയിൽ പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ ആര് എപ്പോൾ ക്ഷേത്രദർശനം നടത്തണം എന്ന് തീരുമാനിക്കുന്നത്. ഒരു പ്രശ്നവുമുണ്ടാക്കാതെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക എന്നതാണ് ഞങ്ങളുടെ ആ​ഗ്രഹം’. രാഹുൽ ​ഗാന്ധി പറഞ്ഞു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതിനായി അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദർശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഇന്നലെ അറിയിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.