‘ശുദ്ധജലം പോലും നൽകാൻ കഴിയാത്ത സർക്കാർ’; ഇൻഡോർ ദുരന്തത്തിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, January 17, 2026

ശുദ്ധജലവും ശുദ്ധവായുവും നൽകുക എന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇൻഡോറിലെ മലിനജല ദുരന്തത്തിന് പിന്നിൽ സർക്കാരിന്റെ കടുത്ത അവഗണനയാണെന്നും ഇതിന് ഭരണകൂടത്തിൽ ആരെങ്കിലും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്മാർട്ട് സിറ്റി വാഗ്ദാനം ചെയ്ത നഗരത്തിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ മരണത്തെ മുഖാമുഖം കാണുന്ന കാഴ്ചയാണ് ഇൻഡോറിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

 

ഇൻഡോറിൽ മാത്രമല്ല, പല നഗരങ്ങളിലും സമാനമായ അവസ്ഥയാണുള്ളതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും രോഗബാധിതരായവർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ജനങ്ങൾക്ക് ഇന്നും ശുദ്ധജലം ലഭ്യമാക്കാൻ കഴിയാത്തത് സർക്കാരിന്റെ പരാജയമാണ്. ശുദ്ധജലത്തിനായുള്ള ശരിയായ സംവിധാനം ഏർപ്പെടുത്തണമെന്ന ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് സർക്കാർ ചെവികൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെ രാഷ്ട്രീയം എന്നോ മറ്റെന്തെങ്കിലും പേരോ വിളിക്കാം, പക്ഷേ ജനങ്ങളുടെ ജീവൻ വെച്ചുള്ള കളി അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് ഇരകളുടെ കഷ്ടപ്പാടുകൾ കേട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.