അന്യായത്തിന്‍റെ ബിജെപി ഭരണകാലത്ത് ന്യായത്തിന് വേണ്ടിയുള്ള യാത്ര; ഇന്ത്യയുടെ വികസനത്തിന് ജാതിസെൻസ് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി

Tuesday, February 6, 2024

അന്യായത്തിന്‍റെ ബിജെപി ഭരണകാലത്ത് ന്യായത്തിന് വേണ്ടി ഉള്ള യാത്രയാണ് ഞങ്ങൾ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വികസനത്തിന് ജാതിസെൻസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജി ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും ബീഹാറിൽ നിതീഷ് കുമാറിനെതിരെ ഇന്ത്യ മുന്നണി പോരാടുമെന്നും രാഹുൽഗാന്ധി ഝാർഖണ്ഡിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സമൂഹത്തിലെ അധകൃത വിഭാഗത്തിന്‍റെയും സ്ത്രീകളുടെയും യുവാക്കളുടെയും, തൊഴിലാളികളുടെയും, കൃഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടിയാണ് ന്യായ് യാത്ര നടത്തുന്നത്. ജാതി സെൻസസ് രാജ്യത്തിന്‍റെ പുരോഗതിക്ക് അനിവാര്യമാണ്. എല്ലാ വിഭാഗത്തിന്‍റെയും ഉന്നമനത്തിനു വേണ്ടിയാണ് ജാതി സെൻസസ് നടത്തണമെന്ന് ഞങ്ങൾ പറയുന്നത്. പക്ഷേ പ്രധാനമന്ത്രി അത് കേൾക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

മമത ബാനർജി ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു.  സഖ്യത്തിന്‍റെ ഭാഗമായ നേതാക്കൾ ഇപ്പോഴും തുടരുകയാണ് എന്നാൽ നിതീഷ് കുമാർ ബി ജെ പിക്ക് ഒപ്പം പോയി, നിതീഷ് സഖ്യം വിടാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഇന്ത്യ മുന്നണി ഒന്നിച്ചു പോരാട്ടം തുടരുമെന്നും വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.