ന്യൂഡല്‍ഹി: റായ്ബറേലിയില്‍ കഴിഞ്ഞയാഴ്ച ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ദളിത് യുവാവ് ഹരിഓം വാത്മീകിയുടെ കുടുംബത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. തന്നെ കാണുന്നതിനെതിരേ ഇരയുടെ കുടുംബത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയ നടപടിയെ രാഹുല്‍ ഗാന്ധി അപലപിച്ചു. ആള്‍ക്കൂട്ട ആക്രമണത്തിനിരയായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരമാവധി ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി റഞ്ഞു. രാജ്യത്ത് ദളിതര്‍ക്കെതിരെ ‘അതിക്രമങ്ങള്‍ ഉണ്ടാകുന്നിടത്തെല്ലാം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ ഒരു മണിയോടെ, ഡ്രോണുകള്‍ ഉപയോഗിച്ച് കവര്‍ച്ചകള്‍ക്കായി വീടുകള്‍ അടയാളപ്പെടുത്താന്‍ ഒരു സംഘം എത്തുന്നു എന്ന കിംവദന്തികള്‍ക്കിടയില്‍ രാത്രികാല നിരീക്ഷണത്തിനിടെ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികള്‍ വാത്മീകിയെ (40) മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
‘ഹരി ഓം വാത്മീകിയുടെ കുടുംബം തന്നെ കാണുന്നതോ കാണാതിരിക്കുന്നതോ അല്ല പ്രധാനം. എന്നാല്‍ ഈ ആളുകള്‍ കുറ്റവാളികളല്ല എന്നതാണ് പ്രധാനം. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല… ഇരയാക്കപ്പെട്ട ആളിന്റെ കുടുംബത്തെ ഞാന്‍ കണ്ടു, അവരുടെ കാര്യങ്ങള്‍ കേട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനും കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ പരമാവധി ശ്രമിക്കും…ആ കുടുംബത്തിന് സ്വതന്ത്രമായി പുറത്തിറങ്ങാന്‍ പോലും ഇപ്പോള്‍ കഴിയുന്നില്ല. ‘ വാത്മീകി കുടുംബത്തെ കണ്ട ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട അദ്ദേഹം, പ്രതികളെ ‘സംരക്ഷിക്കരുത്’ എന്ന് യുപി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ‘അവര്‍ നീതി മാത്രമാണ് ചോദിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരെ ഭീഷണിപ്പെടുത്തുന്നു. അവരുടെ മകനെ കൊലപ്പെടുത്തി. കൊലപാതകം വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചോദിക്കുന്നത് നീതിയാണ്. ശസ്ത്രക്രിയ ആവശ്യമുള്ള ഒരു പെണ്‍കുട്ടി അവിടെയുണ്ട്, എന്നാല്‍ സര്‍ക്കാര്‍ അവരെ വീടിനുള്ളില്‍ പൂട്ടിയിട്ടതിനാല്‍ അവള്‍ക്ക് ചികിത്സ ചെയ്യാന്‍ കഴിയുന്നില്ല. രാജ്യത്തുടനീളം ദളിതര്‍ക്കെതിരെ അതിക്രമങ്ങളും കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടക്കുന്നുണ്ട്. അവര്‍ക്ക് നീതി ലഭിക്കണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. അവരെ ബഹുമാനിക്കണം. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം, അവരെ സംരക്ഷിക്കരുത്,’ രാഹുല്‍ പറഞ്ഞു.