കോഴിക്കോട്: ഇരുകൈകളും ഇല്ലാതെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആസിമിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പ്രതീകമാണ് ആസിം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാനും സംസാരിക്കാനും ആസിന് അവസരമൊരുങ്ങിയിരുന്നു. ആസിമിന്റെ വിജയം വ്യക്തിപരമായ വിജയം മാത്രമല്ല ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്ന എല്ലാവരുടെയും വിജയം കൂടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആസിമിന് അകമഴിഞ്ഞ പിന്തുണ നല്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. ആസിമിന്റെ മുന്നോട്ടുള്ള ഭാവിക്കും ആശംസകള്‍ നേര്‍ന്ന രാഹുല്‍ ഗാന്ധി ആസിമിന്റെ വിജയം മറ്റുള്ളവര്‍ക്കും പ്രചോദനമാവട്ടെയെന്നും പറഞ്ഞു.
കോഴിക്കോട് വെളിമണ്ണ സ്വദേശി ഷഹീദിന്റെയും ജംസീനയുടെയും മകനായ ആസിം 90 ശതമാനം വൈകല്യങ്ങളോടെയാണ് ജനിച്ചത്. കൈകളില്ല, നടക്കാനും സംസാരിക്കാനും കേൾവിക്കും പ്രയാസമുണ്ട്. എന്നാല്‍ തന്റെ വൈകല്യങ്ങളെ വകവെക്കാതെ ഏവർക്കും പ്രചോദനമാകുന്ന നേട്ടങ്ങളാണ് ആസിം സ്വന്തമാക്കുന്നത്. പഠിച്ച സ്കൂളിൽ യുപി ക്ലാസുകൾ തുടങ്ങുന്നതിനുവേണ്ടി കാലുകൾ കൊണ്ട് സർക്കാറിന് കത്തെഴുതി അംഗീകാരം നേടിയെടുത്തിട്ടുണ്ട് ഈ മിടുക്കൻ. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ അവർക്കൊപ്പം നിൽക്കാൻ ആസിമിന് അവസരം ലഭിച്ചിരുന്നു. പെരിയാർ നീന്തിക്കടന്നും ആസിം അദ്ഭുതം സൃഷ്ടിച്ചു.2021-ൽ നെതർലൻഡ്സിൽ കുട്ടികളുടെ നൊബേൽ സമ്മാനവേദിയിൽ ആസിം മൂന്നാം സ്ഥാനക്കാരനായി.