ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ല് തകര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി തുറന്നടിച്ചു. വോട്ടര്‍ പട്ടികയില്‍ ആസൂത്രിതമായി കൃത്രിമം കാണിച്ച് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കുന്ന രാജ്യവ്യാപകമായ ഒരു മാതൃകയാണ് നടപ്പാക്കുന്നതെന്നും, ഇതില്‍ പങ്കില്ലെങ്കില്‍ കഴിഞ്ഞ 10-15 വര്‍ഷത്തെ ഇലക്ട്രോണിക് വോട്ടര്‍ പട്ടികയും സമീപകാല തിരഞ്ഞെടുപ്പുകളിലെ സിസിടിവി ദൃശ്യങ്ങളും പ്രതിപക്ഷത്തിന് കൈമാറി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ രാഹുല്‍ ഗാന്ധി ശക്തമായ സംശയങ്ങള്‍ ഉന്നയിച്ചു. വോട്ടര്‍ പട്ടികയുടെ ഇലക്ട്രോണിക് പതിപ്പ് നല്‍കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. അത്തരത്തില്‍ നല്‍കിയാല്‍ തട്ടിപ്പ് 30 സെക്കന്‍ഡിനുള്ളില്‍ വെളിച്ചത്ത് വരുമെന്ന ഭയമാണ് കമ്മീഷനെന്നും അദ്ദേഹം ആരോപിച്ചു. ‘ഇതൊരു വെല്ലുവിളിയാണ്. ഏഴടിയോളം ഉയരമുള്ള കടലാസുകെട്ടുകളാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ നിന്ന് നിങ്ങളുടെ പേര് ഇരട്ടിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഓരോ പേപ്പറും പരിശോധിച്ച് താരതമ്യം ചെയ്യണം. ഇത് വളരെ ശ്രമകരമായ ജോലിയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രീതിയില്‍ മഹാദേവപുരയിലെ മാത്രം പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന് ആറ് മാസമെടുക്കേണ്ടി വന്നു. അതേസമയം, ഇലക്ട്രോണിക് ഡാറ്റ ലഭിച്ചിരുന്നെങ്കില്‍ ഈ ജോലി 30 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടികള്‍ക്ക് വോട്ടര്‍ ഡാറ്റ സൂക്ഷ്മമായി പരിശോധിക്കുന്നത് തടയാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വം കമ്പ്യൂട്ടറില്‍ വായിക്കാന്‍ സാധിക്കാത്ത (non-machine-readable) രേഖകള്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ പേപ്പറുകളില്‍ ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്നിഷന്‍ (OCR) സാധ്യമല്ലാത്തതിനാല്‍ വിശകലനം ദുഷ്‌കരമാവുന്നു. ഇതെല്ലാം കാണിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.