ന്യൂദല്‍ഹി: കഴിഞ്ഞ ആറുമാസത്തിനിടയില്‍ മോദിയുടെയും ഭരണപക്ഷത്തിന്റെയും നിരവധി അഴിമതികളും രാഷ്ട്രീയ പരാജയങ്ങളും തുറന്നുകാട്ടിക്കൊണ്ട് ശക്തമായ മുന്നേറ്റമാണ് രാഹുല്‍ഗാന്ധി നേടിയെടുത്തത്. സംഘടനാതലത്തിലും ഭരണതലത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് രാഹുല്‍ അധ്യക്ഷനായ ശേഷം കോണ്‍ഗ്രസ് നേടിയെടുത്തത്. മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തിലേറിയ ഉടനെ തന്നെ കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കായി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടേണ്ടതുതന്നെയെന്ന് ജനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മാതൃകയാകാനും കോണ്‍ഗ്രസിനായി. രാഷ്ട്രീയ കൗശലക്കാരായി കരുതുന്ന നരേന്ദ്ര മോദിയെയും അമിത് ഷായെയും അട്ടിമറിക്കുന്ന പ്രകടനം കോണ്‍ഗ്രസ് എങ്ങനെ കാഴ്ചവെക്കുന്നു എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള ഉത്തരങ്ങള്‍ ഇവയാണ്:
ബൂത്ത് തലത്തില്‍ വരെയുള്ള പ്രവര്‍ത്തകരുമായി രാഹുല്‍ ഗാന്ധി ബന്ധം സ്ഥാപിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്യുന്നുവെന്നതാണ് എടുത്തുപറയേണ്ടത്. ഇതോടെ സാധാരണ പ്രവര്ത്തകന് പോലും പ്രവര്‍ത്തന രംഗത്ത് സജീവമായി. ഓരോ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം ചുമതല നല്കി. കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള വഴി എളുപ്പമായി. ഏത് ചോദ്യങ്ങള്‍ക്കും സാധാരണക്കാരുടെ ഭാഗത്തുനിന്നുള്ള മറുപടി നല്‍കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ സാധിക്കുന്നുണ്ട്.
കോണ്‍ഗ്രസ് അടുത്തിടെ ശക്തി ആപ്പ് തുടങ്ങിയിരുന്നു. ഇതുവഴിയാണ് കേന്ദ്ര നേതൃത്വം താഴെ തട്ടിലുള്ള പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തത്. ഓരോ പ്രദേശത്തും വേണ്ട പ്രവര്‍ത്തനം എങ്ങനെ എന്നു പോലും കേന്ദ്ര നേതൃത്വം ഈ ആപ്പ് വഴി അണികള്‍ക്ക് പറഞ്ഞുകൊടുത്തു.
വീടുകള്‍ കയറി പ്രചാരണം നടത്തേണ്ടത് എവിടെ, വീടുകള്‍ കയറുമ്പോള്‍ പറഞ്ഞുകൊടുക്കേണ്ടത് എന്ത്, പ്രതിഷേധം സംഘടിപ്പിക്കേണ്ട ഘട്ടങ്ങള്‍, യോഗങ്ങള്‍ എവിടെ സംഘടിപ്പിക്കണം, ചര്‍ച്ചാ വിഷയം എന്ത്, വലിയ റാലികള്‍ തുടങ്ങി എല്ലാ വിഷയത്തിലും പ്രവര്‍ത്തകരുമായി കേന്ദ്രനേതൃത്വം ശക്തി ആപ്പ് വഴി ബന്ധപ്പെട്ടു.
എസ്.എം.എസ് വഴിയും വാട്സ് ആപ്പ് വഴിയും പ്രവര്‍ത്തകര്‍ നേതൃത്വത്തോട് പ്രതികരിച്ചു തുടങ്ങി. മികച്ച പ്രതികരണവും പ്രവര്‍ത്തനവും നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാരിതോഷികം കേന്ദ്രം പ്രഖ്യാപിച്ചു. ഇക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തകര്‍ സജീവമായി.
ഏറ്റവും മികച്ച പ്രവര്‍ത്തകനെ ഇടക്കിടെ തിരഞ്ഞെടുത്തതും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയെന്ന് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനലറ്റിക്സ് ഡിവിഷന് മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാനുള്ള അവസരം ഒരുക്കി എന്നതാണ് ഡിജിറ്റല്‍ ആപ്പ് ഉപയോഗിച്ചതുമൂലമുള്ള നേട്ടം.
ഛത്തീസ്ഗഡില്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ആരെയും മുന്നില്‍ നിര്‍ത്തിയല്ല ഇവിടെ തിരഞ്ഞെടുപ്പ് നേരിട്ടത്. എന്നിട്ടും ജനം കോണ്‍ഗ്രസിന് ഭരണം നല്കി. ഈ വേളയില്‍ കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി ആരെ മുഖ്യമന്ത്രിയാക്കുമെന്നതായിരുന്നു.
അവിടെയും രാഹുല്‍ ഗാന്ധിയെ സഹായിച്ചത് ശക്തി ആപ്പും സാമൂഹിക മാധ്യമങ്ങളുമായിരുന്നു. പ്രവര്‍ത്തകരില്‍ നിന്ന് സംസ്ഥാനത്തെ പൊതുവികാരം നേരിട്ട് അറിയാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. ഈ വഴി തന്നെയാണ് ഭൂപേഷ് ബാഗലിന് നറുക്ക് വീഴാല്‍ വഴിയൊരുക്കിയതും.
പ്രവര്‍ത്തകരുടെ വികാരം ഉടന്‍ അറിയിക്കണമെന്ന് താഴേ തട്ടിലേക്ക് നിര്‍ദേശം പോയി. മണിക്കൂറുകള്‍ കഴിയുമ്പോള്‍ പ്രതികരണങ്ങള്‍ നിറയുകയായിരുന്നുവെന്ന് ചക്രവര്‍ത്തി പറയുന്നു. പ്രവര്‍ത്തകരെ കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായി. അവിടെയാണ് വിജയം എളുപ്പമായതെന്ന് ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.
സാധാരണ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര പരിഗണന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു. ഈ ആക്ഷേപത്തിനാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് പരിഹാരം കണ്ടതെന്നും ചക്രവര്‍ത്തി പറഞ്ഞു.
സാധാരണ പ്രവര്‍ത്തകരില്‍ ആവേശം നിറച്ചതായിരുന്നു 2014ല്‍ ബിജെപിയെ സഹായിച്ചത്. ഇതേ വഴിതന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പയറ്റിയത്. എന്നാല്‍ ബിജെപിയുടെ എല്ലാ നീക്കങ്ങളും വേഗം പൊളിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ശക്തി ആപ്പാണെന്ന് ചക്രവര്‍ത്തി അവകാശപ്പെടുന്നു.
ബൂത്ത് തലത്തില്‍ ഓരോ പ്രവര്‍ത്തകര്‍ക്കും ചുമതകള്‍ കൈമാറി. ഓരോ ബൂത്തിലും തിരഞ്ഞെടുത്ത പ്രവര്‍ത്തകരെ നിയോഗിച്ചു. ഓരോ പ്രവര്‍ത്തകരും ബന്ധം സ്ഥാപിക്കേണ്ട കുടുംബങ്ങള്‍ എത്ര എന്ന് നിര്‍ദേശിച്ചു. കാര്യങ്ങള്‍ അതുപോലെ നടന്നപ്പോള്‍ കോണ്‍ഗ്രസിന് വിജയം എളുപ്പമായി. ആറ് മാസം കൊണ്ടാണ് കോണ്‍ഗ്രസിന് ശക്തമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചതെന്ന് ചക്രവര്‍ത്തി പറയുന്നു. ആപ്പ് വഴി അഞ്ച് ലക്ഷം പ്രവര്‍ത്തകരെയാണ് തങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് അമ്പത് ലക്ഷമായി ഉയര്‍ന്നു. ഇതിന്റെയെല്ലാം ഫലമാണ് കോണ്‍ഗ്രസ് വിജയമെന്നും ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.