പുലർച്ചെ വാടക്കല്‍ കടപ്പുറത്തെത്തി മത്സ്യത്തൊഴിലാളികളെ കണ്ട് രാഹുല്‍ ഗാന്ധി; പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്

Jaihind Webdesk
Monday, September 19, 2022

 

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. വാടക്കൽ മത്സ്യഗന്ധി ബീച്ചിൽ പുലർച്ചെയാണ് അദ്ദേഹം തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്. മത്സ്യമേഖല നേരിടുന്ന ഒട്ടേറെ വിഷയങ്ങൾ തൊഴിലാളികൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന സാധാരണ തൊഴിലാളിവർഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാന്‍ അവർക്കൊപ്പം നിലകൊള്ളുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനൽകി. കേരളത്തിലെ പ്രതിപക്ഷം നിരന്തരം തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും അതിന് പരിഹാരമേകുവാൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎച്ച്ഡി ചെയ്യുന്ന കടപ്പുറത്തെ മത്സ്യത്തൊഴിലാളിയുടെ മകനായ രാഹുൽ ആയിരുന്നു രാഹുൽ ഗാന്ധിയോട് ആദ്യ ചോദ്യം ചോദിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സഹായവും കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് രാഹുൽ ആദ്യം പങ്കുവെച്ചത്. ഫെലോഷിപ്പുകൾ ലഭിക്കുന്നില്ല. വിദ്യാഭ്യാസം നേടിയെടുത്താലും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിനുശേഷം വിദേശരാജ്യങ്ങളിലേക്ക് എല്ലാവരും കുടിയേറുകയാണ്. പിറന്ന നാട്ടിൽ ജോലി ചെയ്യുവാനുള്ള അവസരം കൂടി ഉണ്ടാകണമെന്നാണ് രാഹുലിന്‍റെ ആവശ്യം. മറുപടി പറഞ്ഞ രാഹുൽ ഗാന്ധി ഇന്ന് നമ്മുടെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന വസ്തുത തുറന്നുകാട്ടി. സാധാരണക്കാരുടെ മക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കണം എന്നതിലോ തൊഴിൽ ലഭിക്കണമെന്നതിലോ സർക്കാരുകൾക്ക് താല്‍പര്യമൊന്നുമില്ല. കേന്ദ്രസർക്കാരിന് ആകെ താല്‍പര്യം ഉള്ളത് അവരുമായി അടുപ്പം പുലർത്തുന്ന രണ്ടോ മൂന്നോ സമ്പന്നരുടെ കാര്യങ്ങളിൽ മാത്രമാണ്. രാജ്യത്തെ ചെറുകിട വ്യവസായികളുടെയും കർഷകരുടെയും സാധാരണ തൊഴിലാളികളുടെയും ക്ഷേമപ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു ആകുലതയുമില്ല. രാജ്യത്തെ പൗരന്മാർക്ക് ജോലി ലഭിക്കുക എന്നത് സർക്കാരിന്‍റെ കൂടി ഉത്തരവാദിത്വമാണ്. സമ്പന്നർക്കുവേണ്ടിയുള്ള അവസരങ്ങൾ ഒരുക്കുക മാത്രമായി സർക്കാരിന്‍റെ പ്രവർത്തനമണ്ഡലം മാറിയെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്ധന വിലവർധനവിനെ പറ്റിയും ഇന്ധനം വാങ്ങുന്നതിന് സബ്സിഡി ലഭിക്കാത്തതിനെപ്പറ്റിയുമായിരുന്നു മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ചോദ്യം. മണ്ണെണ്ണയുടെ വില ലിറ്ററിന് 140 രൂപ വരെ എത്തിയിരിക്കുന്നു. തങ്ങളുടെ പ്രയത്നത്തിനുള്ള വരുമാനം പലപ്പോഴും കിട്ടാറില്ല. മുമ്പ് ലഭിക്കുന്ന ഇന്ധന വിഹിതവും ഇപ്പോൾ ലഭിക്കുന്നില്ല. കേന്ദ്രത്തിൽ യുപിഎ ഭരണം ഉണ്ടായിരുന്നപ്പോൾ നൽകിയ സബ്സിഡികൾ ഇന്ന് അട്ടിമറിക്കപ്പെട്ടതായും മത്സ്യത്തൊഴിലാളി ചൂണ്ടിക്കാട്ടി. മറുപടി പറഞ്ഞ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ സാധാരണ തൊഴിൽ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എത്രത്തോളമാണെന്നതിൽ കൃത്യമായ ധാരണ തനിക്കുണ്ടെന്ന് പറഞ്ഞു. സർക്കാർ സാധാരണ തൊഴിലാളികൾക്ക് സബ്സിഡി നൽകുന്നില്ലെങ്കിലും ഭരണകൂടവുമായി അടുപ്പം പുലർത്തുന്ന വൻകിട സമ്പന്നർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്. തൊഴിലാളികൾക്ക് ലഭിക്കേണ്ട സബ്സിഡി എവിടേക്കാണ് പോകുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും രാഹുൽ കൂട്ടിച്ചേർന്നു. മത്സ്യത്തൊഴിലാളികൾ മാത്രമല്ല കശുവണ്ടി, കയർ തൊഴിലാളികൾ ഉൾപ്പെടെ സർവ്വ തൊഴിൽ മേഖലയിലും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു മത്സ്യത്തൊഴിലാളി പറഞ്ഞത് ക്ഷേമനിധി പദ്ധതിയുടെ അപര്യാപ്തതകളെ പറ്റിയാണ്. അതോടൊപ്പം അദാനി പോലെയുള്ള വൻകിട മുതലാളിമാർക്ക് വേണ്ടി ഭരണകൂടം മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി. തുടർന്ന് സംസാരിച്ച രാഹുൽ ഗാന്ധി ക്ഷേമനിധി പദ്ധതിയെപ്പറ്റി കൂടുതൽ ചോദിച്ചറിഞ്ഞു. യുപിഎ ഭരണകാലത്ത് 72,000 കോടി രൂപ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്നു. ഇന്ന് ആ തുക എവിടേക്ക് പോയെന്ന് ആർക്കും അറിയില്ല. സമ്പന്നരുമായി മാത്രമുള്ള ചങ്ങാത്തമാണ് സർക്കാർ വെച്ചുപുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് സംസാരിച്ച ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി കടലിൽ ദുഷ്കരമായ തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെടുമ്പോൾ അവർക്ക് യാതൊരു വിധത്തിലുള്ള സഹായങ്ങളും സർക്കാർ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന സാധാരണ തൊഴിലാളിവർഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമേകുവാൻ അവർക്കൊപ്പം നിലകൊള്ളുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനൽകി. കേരളത്തിലെ പ്രതിപക്ഷം നിരന്തരം തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും അതിനു പരിഹാരമേകുവാൻ ഒപ്പം ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു. തൊഴിലാളികൾക്കൊപ്പം സമയം ചിലവഴിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അവർക്കൊപ്പം ചിത്രവും പകർത്തിയ ശേഷമാണ് കടപ്പുറം വിട്ടത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ്‌ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, എം.ജെ ജോബ്, ഡിസിസി പ്രസിഡന്‍റ്‌ ബി ബാബുപ്രസാദ്, മുൻ എംപി കെ.എസ് മനോജ്‌, മോളി ജേക്കബ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.