
ഇടുക്കി: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കട്ടപ്പനയില്‍ സംഘടിപ്പിച്ച യുഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഇപ്പോള്‍ ഇടതുപക്ഷമല്ലെന്നും ബിജെപിയെപ്പോലെ ഒരു കോര്‍പ്പറേറ്റ് പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
ക്ഷേത്രങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തില്‍ വന്നിട്ടും ഇക്കാര്യത്തില്‍ അദ്ദേഹം മൗനം പാലിച്ചത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്നത് അനുസരിച്ചാണ് മോദി പ്രവര്‍ത്തിക്കുന്നതെങ്കില്‍, മോദി നിയന്ത്രിക്കുന്നത് പിണറായി വിജയനെയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ അഴിമതികള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. യുവാക്കള്‍ക്ക് ജോലി കിട്ടണമെങ്കില്‍ സിപിഎമ്മിന്റെ കൂടെ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്. മൂന്നിലൊന്ന് യുവാക്കള്‍ തൊഴില്‍ രഹിതരായി വിദേശത്തേക്ക് ചേക്കേറുന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കി ജില്ലയിലെ ആരോഗ്യമേഖല തകര്‍ന്നതായും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പോലുമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് മറ്റ് ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പട്ടയ പ്രശ്നങ്ങളും നിര്‍മ്മാണ നിരോധനങ്ങളും ജില്ലയെ തളര്‍ത്തുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
യോഗത്തില്‍ വന്ദേമാതരം ആലപിച്ച പെണ്‍കുട്ടിയെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് വിളിച്ച് ചേര്‍ത്തുപിടിച്ചു. ഭയമില്ലാതെ ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ പാടിയ ആ കുട്ടി കേരളത്തിലെ സ്ത്രീത്വത്തിന്റെ കരുത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.