Rahul Gandhi | ബിജെപിക്കാരേ, വോട്ടുകൊള്ളയില്‍ ഹൈഡ്രജന്‍ ബോംബ് വരുന്നു, അതിനു ശേഷം മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല : രാഹുല്‍ഗാന്ധി

Jaihind News Bureau
Monday, September 1, 2025

പട്‌ന: വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്ട്‌നയില്‍ പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോരിയില്‍ ഇനിയും വെളിപ്പെടുത്തലുകളുണ്ടാവും. രാജ്യത്തെ ജനാധിപത്യ ചരിത്രത്തില്‍ ബീഹാര്‍ ഒരു വിപ്ലവകരമായ സംസ്ഥാനമാണെന്നും അത് രാജ്യത്തിന് വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ഒരു സന്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അവരെ (ബിജെപി) ഭരണഘടനയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാത്ര നടത്തിയത്. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങി ‘വോട്ട് ചോര്‍ ഗഡ്ഡി ചോര്‍’ ( വോട്ട് കള്ളന്‍, കസേര വിടൂ) എന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ബിജെപിക്കാരോട് എനിക്ക് പറയാനുണ്ട്. അണുബോംബിനേക്കാള്‍ വലിയ എന്തെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ, അത് ഒരു ഹൈഡ്രജന്‍ ബോംബാണ്. ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു. വോട്ട് മോഷണത്തിന്റെ യാഥാര്‍ത്ഥ്യം ആളുകള്‍ക്ക് ഉടന്‍ തന്നെ മനസ്സിലാകും,’ രാഹുല്‍ ഗാന്ധി പറഞ്ഞു. വരും കാലയളവില്‍, ഹൈഡ്രജന്‍ ബോംബ് (വന്നതിന് ശേഷം) നരേന്ദ്ര മോദിജിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ‘മോഷ്ടിക്കപ്പെട്ടു’ എന്നും പിന്നീട് കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹദേവപുര നിയമസഭാ മണ്ഡലത്തില്‍ ‘വോട്ട് ചോരി’ എങ്ങനെയാണ് നടന്നതെന്ന് തെളിവുകളോടെ തന്റെ പാര്‍ട്ടി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ബീഹാറിലെ യുവജനങ്ങളോട് എനിക്ക് പറയാനുണ്ട്, വോട്ട് ചോരി എന്നാല്‍ ‘അവകാശങ്ങളുടെ മോഷണം, ജനാധിപത്യത്തിന്റെ മോഷണം, തൊഴിലിന്റെ മോഷണം’ എന്നാണ് അര്‍ത്ഥമാക്കുന്നത്. അവര്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡും മറ്റ് അവകാശങ്ങളും എടുത്തുകളയും,’ അദ്ദേഹം മുന്നറിയിപ്പു നല്‍കി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 1,300 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 110 നിയമസഭാ മണ്ഡലങ്ങളിലൂടെയും 25 ജില്ലകളിലും കടന്നുപോയ ‘വോട്ട് അധികാര്‍ യാത്ര’യുടെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യ സഖ്യകക്ഷികള്‍ ഗാന്ധി സേ അംബദ്കര്‍ മാര്‍ച്ച് നടത്തി. വന്‍ ജനാവലിയുടെ പിന്തുണയോടെ മുന്നേറിയ യാത്ര ഡാക്ക് ബംഗ്ലാവ് ക്രോസിംഗില്‍ പോലീസ് തടയുകയും അവിടെ വെച്ച് അവര്‍ റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഗാന്ധി മൈതാനത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പട്‌നയിലെ മാര്‍ച്ച് ആരംഭിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സഹാനി, സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐയുടെ ആനി രാജ, ടിഎംസി എംപി യൂസഫ് പത്താന്‍, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, മറ്റ് ഇന്ത്യ ബ്ലോക്ക് നേതാക്കള്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ചേര്‍ന്നു.