‘ഇത് സ്നേഹത്തിന്‍റെ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം’: ചരിത്രത്തിലേക്ക് നടന്നുകയറി രാഹുല്‍; ഇന്ത്യയെ ഒന്നിപ്പിച്ച ഐക്യമുന്നേറ്റം, പ്രതിബന്ധങ്ങളെ മറികടന്ന നിശ്ചയദാർഢ്യം

Jaihind Webdesk
Monday, January 30, 2023

ശ്രീനഗര്‍: 135 ദിവസം, 3500 ലേറെ കിലോമീറ്ററുകള്‍… ഐക്യത്തിന്‍റെ നൂലിഴ കൊണ്ട് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ടായിരുന്നു കഠിനമായ ലക്ഷ്യത്തിലേക്ക് നിശ്ചയദാർഢ്യത്തോടെ ഇന്ത്യയുടെ രാഹുല്‍ നടന്നുകയറിയത്. വെറുപ്പിന്‍റെ വിപണിയില്‍ സ്നേഹത്തിന്‍റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു എന്നതിന് യാത്രയുടെ ജനപങ്കാളിത്തവും രാജ്യത്തെ ജനങ്ങള്‍ നല്‍കിയ കലർപ്പില്ലാത്ത സ്നേഹവും നേർസാക്ഷ്യമായി. ലക്ഷ്യം എന്തെന്ന് ചോദിച്ചവരോട് ഒറ്റ മറുപടി.

“ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ സ്നേഹസന്ദേശ യാത്ര. ഞാന്‍ പോരാടുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല, രാജ്യത്തിനായാണ്. ഇന്ത്യ സ്നേഹത്തിന്‍റെ രാജ്യമാണ്. ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യൻമാരും പറയുന്നത് സ്നേഹത്തിന്‍റെ സന്ദേശമാണ്” – യാത്രയുടെ ആശയം സുവ്യക്തമാക്കുന്ന മറുപടി.

ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ സമാപനസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു –

“ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. അതോടെ എൻ്റെ മനസിലെ അഹങ്കാരം ഇല്ലാതെയായി. ഈ യാത്ര പൂർത്തിയാക്കാൻ പറ്റില്ലെന്നാണ് കരുതിയത്. എന്നാൽ അനേകായിരം പേർ ഒപ്പം ചേർന്നത് വലിയ ഉത്തേജനമായി മാറി. യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകൾ കരഞ്ഞു കൊണ്ട് തങ്ങൾ നേരിട്ട പീഡനാനുഭവങ്ങൾ പങ്കുവെച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. യാത്രയിൽ സുരക്ഷാ പ്രശ്നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാൽ മഹാത്മാഗാന്ധിയും തൻ്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്. രാജ്യത്തിൻ്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഒരാൾക്കും തണുക്കുകയോ വിയർക്കുകയോ നനയുകയോ ഇല്ല. ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ അജിത് ഡോവലിനോ മനസിലാകില്ല. എന്നാൽ കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസിലാകും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. എൻ്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ രക്ഷിക്കാനാണ് പോരാടുന്നത്. താൻ പോരാടുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല രാജ്യത്തിനായാണ് ഇന്ത്യ സ്നേഹത്തിന്‍റെ രാജ്യമാണ്. ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യൻമാരും പറയുന്നത് സ്നേഹത്തിന്‍റെ സന്ദേശമാണ്”

5 മാസങ്ങള്‍ കൊണ്ട് ഏകദേശം 3500 ലധികം കിലോമീറ്ററുകള്‍ താണ്ടിയാണ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരില്‍ സമാപിച്ചത്. 2022 സെപ്റ്റംബർ 7 ന്  തമിഴ്‌നാട്ടിലെ കന്യാകുമാരി കടൽത്തീരത്ത് നിന്നുമാണ്  ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. നാല് ദിവസത്തെ തമിഴ്‌നാട് പര്യടനത്തിന് ശേഷം യാത്ര കേരളത്തിൽ പ്രവേശിച്ചു. 19 ദിവസങ്ങളാണ് പാറശാല മുതൽ നിലമ്പൂർ വഴിക്കടവ് വരെ കേരളത്തിന്‍റെ ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോയത്. സെപ്റ്റംബർ 30ന് കർണാടകയിൽ യാത്ര ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾ വകവെക്കാതെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കർണാടകയിലെ യാത്രയിൽ പങ്കെടുത്തു.

നവംബർ ഏഴിന് മഹാരാഷ്ട്രയിൽ യാത്ര കടന്നു. 14 ദിവസമാണ് മഹാരാഷ്ട്രയിൽ യാത്ര കടന്നുപോയത്. നവംബർ 23ന് മധ്യപ്രദേശിലേക്കും യാത്ര കടന്നു. ഡിസംബർ 4 ന് രാജസ്ഥാനിലെത്തി. ഡിസംബർ 16 ന് യാത്ര 100 ദിവസം തികച്ചു. 21ന് ഹരിയാനയിലും 24ന് ഡൽഹിയിലുമെത്തി. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖരും യാത്രയിൽ പങ്ക് ചേർന്നു.
ജനുവരി 3നാണ് യാത്ര ഉത്തർപ്രദേശിൽ എത്തിയത്. ജനുവരി 10ന് യാത്ര പഞ്ചാബിലെത്തി. 11 ദിവസം പഞ്ചാബിൽ പര്യടനം നടത്തിയതിന് ശേഷം യാത്ര കശ്മീരില്‍ പ്രവേശിച്ചു.

ജനങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റേയും സാഹോദര്യത്തിന്‍റെയും എല്ലാം മഹത്തായ സന്ദേശം പകരാന്‍ രാഹുല്‍ ഗാന്ധി നയിച്ച യാത്രയ്ക്ക് കഴിഞ്ഞു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്ത് രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിച്ചായിരുന്നു രാഹുലിന്‍റെ ഓരോ ചുവടുവെപ്പും. രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും ധൈര്യവും പ്രതീക്ഷയുമായി സമൂഹത്തിൻ്റെ സമസ്തമേഖലകളിൽ ഉള്ളവരുമായും നേരിട്ട് ആശയ വിനിമയം നടത്തി. വെറുപ്പിൻ്റെ വിപണിയിൽ സ്നേഹത്തിൻ്റെ കടതുറന്ന രാഹുല്‍, രാജ്യത്തിനും ജനങ്ങള്‍ക്കും പുതു ഉണർവും ഊര്‍ജവുമാണ് പകര്‍ന്നുനല്‍കിയത്. നിലവിലെ ഭരണാധികാരികളുടെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും വെറുപ്പിന്‍റെ രാഷ്ട്രീയവും തുറന്നുകാട്ടി സ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്‍റെ ചരിത്ര യാത്രയ്ക്ക് കഴിഞ്ഞു. രാജ്യത്ത് വലിയ ഒരു മാറ്റത്തിന് വഴിയൊരുക്കിയാണ് ഭാരത് ജോഡോ യാത്ര കശ്മീരിന്‍റെ മണ്ണില്‍ സമാപിച്ചിരിക്കുന്നത്. യാത്ര ഉയര്‍ത്തിയ ആശയവും ആവേശവും ഒരു പുതുവെളിച്ചമായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് വഴികാട്ടും.