ഇന്ത്യയില്‍ ജനാധിപത്യമില്ല ; വിമർശിക്കുന്നവരെ മോദി തീവ്രവാദികളാക്കുന്നു : രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, December 24, 2020

 

ന്യൂഡല്‍ഹി: കാർഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി.  ഇന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുന്ന ഓരോരുത്തരേയും തീവ്രവാദികളാക്കി മുദ്രകുത്തുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയെ വിമര്‍ശിക്കുന്നത്  ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ആയാല്‍പ്പോലും മോദി തീവ്രവാദിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി മോദി തന്റെ സഹൃത്തുക്കള്‍ക്ക് വേണ്ടി പണം സമ്പാദിക്കുകയാണ് അദ്ദേഹത്തിനെതിരെ നിലകൊള്ളുന്ന വരെ തീവ്രവാദിയെന്ന് വിളിക്കും. അത് കര്‍ഷകരോ തൊഴിലാളികളോ മോഹന്‍ ഭഗവതോ ആരും ആകട്ടെ,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും അതുണ്ടെന്ന്  ചിലര്‍ കരുതുന്നുവെങ്കില്‍ അത് വെറും ഭാവന മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.