മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തില്‍ ദുബായില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സാസ്‌കാരിക സംഗമം

Jaihind News Bureau
Tuesday, January 8, 2019

>ജനുവരി 11 വെള്ളിയാഴ്ച വൈകിട്ട് നാലിന് ദുബായ് ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍

>പങ്കെടുക്കുന്നത് പതിനായിരങ്ങള്‍

>തൊഴിലാളികളുമായും രാഹുല്‍ ആശയവിനിമയം നടത്തും

ദുബായ് :  ഇന്ത്യന്‍ രാഷ്ടപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തില്‍ , ദുബായ് നഗരം ഏറെ വ്യത്യസ്തകളോടെ ഒരു സാസ്‌കാരികോത്സവത്തിന് വേദി ഒരുക്കുന്നു. ജനുവരി 11 ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് ദുബായ് ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പരിപാടി. പതിനായിരങ്ങള്‍ പങ്കെടുക്കന്ന സാസ്‌കാരികോത്സവത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കും.

യുഎഇ എന്ന രാജ്യം 2019 വര്‍ഷത്തെ , സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന കാലഘട്ടത്തിലാണ് ഈ സാസ്‌കാരികോത്സവം. സഹിഷ്ണുതയ്ക്കായി ഏറെ പോരാടിയ ഇന്ത്യയുടെ രാഷ്ടപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ പ്രധാന്യം ലോകത്ത് കൂടുതല്‍ വര്‍ധിച്ച സാഹചര്യത്തില്‍, ഇന്ത്യ എന്ന ആശയത്തെ ( ഐഡിയ ഓഫ് ഇന്ത്യ ) ആസ്പദമാക്കി രാഹുല്‍ ഗാന്ധി സംസാരിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരവും സാസ്‌കാരികപരവുമായ ആത്മബന്ധം അടയാളപ്പെടുത്തുന്ന കലാ-സാസ്‌കാരിക പരിപാടികളും ഇതോടൊപ്പം അരങ്ങേറും. നൂറോളം കലാകാരന്‍മാര്‍ ഇതിനായി സ്‌റ്റേജിലെത്തും. കൂടാതെ, ഇന്ത്യയുടെ ഒരേ ഒരു വനിതാ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയുമായ അന്തരിച്ച ഇന്ദിരാഗാന്ധിയുമായി, യുഎഇ ഭരണാധികാരികള്‍ കാത്ത്‌സൂക്ഷിച്ച ആത്മബന്ധങ്ങളും വരച്ച് കാട്ടുന്നതാണ് ഈ ചരിത്ര സന്ദര്‍ശനം. യുഎഇ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, അക്കാലത്ത് രാഹുല്‍ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിരാഗാന്ധി ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ഇപ്രകാരം, ഇന്ത്യ-യുഎഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ചരിത്രും സംസ്‌കാരവും പാരമ്പര്യവും വാണിജ്യ- വ്യാപാര ബന്ധങ്ങള്‍ക്ക് തുടക്കമിട്ട ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി ( ഗ്രാന്‍ഡ് സണ്‍ ) രാഹുല്‍ ഗാന്ധി സംബന്ധിക്കുന്ന ഈ സാസ്‌കാരികോത്സവം വേറിട്ടതാക്കാനും സംഘാടകര്‍ ലക്ഷ്യമിടുന്നു. 2019 പുതുവര്‍ഷത്തില്‍, രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന വിദേശ രാജ്യത്തെ ആദ്യ പൊതുപരിപാടി കൂടിയാണിത്. നേരത്തെ, അമേരിക്ക, ലണ്ടന്‍, ജര്‍മ്മനി, ബഹ്‌റിന്‍ എന്നീ വിദേശ രാജ്യങ്ങളിലും രാഹുല്‍ഗാന്ധി ഇത്തരത്തില്‍ പൊതുപരിപാടികളില്‍ അഭിസംബോധന ചെയ്തിരുന്നു. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് കീഴിലെ ( എ ഐ സി സി ) ഇന്ത്യന്‍ ഓവീര്‍സീസ് കോണ്‍ഗ്രസിന്റെ ( ഐ ഒ സി ) ചെയര്‍മാനും ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ വിപ്‌ളവത്തിന് തുടക്കം കുറിച്ച വ്യക്തിത്വം കൂടിയായ ഡോ. സാം പിത്രോഡ , സാസ്‌കാരികോത്സവത്തില്‍ അധ്യക്ഷത വഹിക്കും.

രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശത്തോടനുബന്ധിച്ച്, ദുബായിലെയും അബുദാബിയിലെയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകള്‍ ഒരുക്കുന്ന രണ്ട് സംഗമത്തിലും രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കും. ഈ പരിപാടിയിലേക്കുള്ള പ്രവേശനം ക്ഷണക്കത്ത് വഴി നിയന്ത്രിക്കും. ഇതോടൊപ്പം, ഇന്ത്യക്കാരായ തൊഴിലാളികളുമായി രാഹുല്‍ഗാന്ധി ആശയവിനിമയം നടത്തും. ഇന്ത്യ-യുഎഇ ബന്ധത്തെ എക്കാലത്തും ഊട്ടി ഉറപ്പിച്ച് നിര്‍ത്തുന്ന യഥാര്‍ഥ കണ്ണികളും പ്രവാസികളുമായ സി ഇ ഒ മാര്‍, പ്രഫഷണലുകള്‍ , അധ്യാപകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, കുടുംബങ്ങള്‍ എന്നിവരുമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ചകള്‍ നടത്തും. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ( എ ഐ സി സി ) സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ്, മധു യാസ്‌കി, ഐ ഒ സി സെക്രട്ടറി ഡോ. ആരതി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച ടീം, ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.