റബ്ബർ കർഷകരുടെയും പ്രവാസികളുടെയും പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധിയുടെ ശ്രദ്ധ ക്ഷണിച്ച് ആര്യാടൻ മുഹമ്മദ്

Jaihind News Bureau
Sunday, May 3, 2020

 

റബ്ബർ കർഷകരുടെയും, പ്രവാസികളുടെയും പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധിയുടെ ശ്രദ്ധ ക്ഷണിച്ച് ആര്യാടൻ മുഹമ്മദ്. വീഡിയോ കോൺഫറന്‍സിലൂടെയാണ് അദ്ദേഹം റബ്ബർ കർഷകരുടെയും, പ്രവാസികളുടെയും നിലവിലെ അവസ്ഥ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. റബ്ബർ മേഖലയിലെ പ്രതിസന്ധി മൂലം റബ്ബർ കർഷകർ ഏറെ ദുരിതത്തിലാണ്. ആയിരക്കണക്കിന് ടാപ്പിംഗ് തൊഴിലാളികൾ പട്ടിണിയിലാണ്. മണ്ഡലത്തിലെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് റബ്ബർ. കൂടാതെ കുരുമുളകിന്‍റെ വിലയിടിവ് വയനാട്ടിലെ കർഷകരെ ഏറെ പ്രതിസന്ധിയിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് പ്രവാസികൾ ദുരിത്തിലാണ്. നാട്ടിലേക്ക് മടങ്ങാൻ അപേക്ഷ നൽകി ഇവർ  കാത്തിരിക്കുകയാണെന്നും ആര്യാടൻ പറഞ്ഞു.  80,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപവരെയാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്നതെന്നും ആര്യാടൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി.  ഇക്കാര്യത്തിൽ ആത്മാർത്ഥമായ ഇടപ്പെടൽ നടത്തണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആവശ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. മണ്ഡലത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ താൻ പരാമവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക് ഡൗൺ പൂർണ്ണമായാലും ഭാഗികമായാലും ജനങ്ങൾ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം ആര്യാടന്‍ മുഹമ്മദിനെ അറിയിച്ചു. നിലമ്പൂരിലെ വീട്ടിൽ മകൻ ആര്യാടൻ ഷൗക്കത്തിനൊപ്പമാണ് ആര്യാടൻ മുഹമ്മദ് രാഹുൽ ഗാന്ധിയുമായി വീഡിയോ കോൺഫറന്‍സിലൂടെ സംസ്ഥാനത്തേയും മണ്ഡലത്തിലെയും വിഷയങ്ങൾ അവതരിപ്പിച്ചത്.