‘രാഹുല്‍ ഗാന്ധിക്കും യാത്രയ്ക്കും സർവൈശ്വര്യങ്ങളും ഉണ്ടാകണം’: വഴിപാട് നടത്തി രാമകൃഷ്ണ മാരാർ; ഹൃദ്യം

കണ്ണൂർ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക്  സർവ ഐശ്വര്യങ്ങളും നേർന്നുകൊണ്ട് വഴിപാട് നടത്തി രാമകൃഷ്ണ മാരാര്‍. യാത്ര നാളെ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കണ്ണൂർ ശ്രീ ചാല ഭഗവതി ക്ഷേത്രത്തിൽ നിത്യപൂജയും നെയ് വിളക്കും അർപ്പിച്ചത്.

ചാല ഭഗവതി ക്ഷേത്രത്തിന് സമീപമാണ് രാമകൃഷ്ണ മാരാരുടെ താമസം. ലോട്ടറി വില്‍പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന രാമകൃഷ്ണ മാരാര്‍ അടിയുറച്ച കോണ്‍ഗ്രസ് അനുഭാവി കൂടിയാണ്. യാത്ര തുടങ്ങിയപ്പോഴും അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ പേരില്‍ പുഷ്പാർച്ചനയും മറ്റ് വഴിപാടുകളും നടത്തിയിരുന്നു. കശ്മീരില്‍ യാത്ര അവസാനിക്കുമ്പോഴും വഴിപാടുകള്‍ നേർന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെയും, ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള അദ്ദേഹത്തിന്‍റെ യാത്രയെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന നിരവധി പേരുടെ പ്രതീകം കൂടിയാണ് രാമകൃഷ്ണമാരാര്‍.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവില്‍ രാജസ്ഥാനിലൂടെയാണ് പര്യടനം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര നാളെ 100 ദിവസം പിന്നിടുകയാണ്. ഒന്നിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. അഭൂതപൂർവമായ ജനസ്വീകാര്യതയാണ് ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്. 3500 ലേറെ കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്രയുടെ സമാപനം കശ്മീരിലാണ്.

Comments (0)
Add Comment