വയനാടിനൊപ്പം രാഹുലും പ്രിയങ്കയും; ദുരന്തഭൂമിയിൽ സാന്ത്വനമായി നേതാക്കൾ

 

വയനാട്: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തി. ഇരുവരും ദുരന്തഭൂമിയായ ചൂരല്‍മല സന്ദർശിച്ചു. പുഴക്ക് കുറുകെ ഉണ്ടാക്കിയ താത്ക്കാലിക പാലം കടന്നാണ് ചൂരല്‍മലയിലേക്ക് എത്തിയത്. കനത്ത മഴയായിരുന്നു ഈ മേഖലയിലുണ്ടായിരുന്നത്. അതിനാല്‍ ചൂരല്‍മലയിലേക്ക് എത്തിപ്പെട്ടത് അതീവ ദുഷ്‌കരമായാണ്. ഏറെ പ്രതികൂലമായ കാലാവസ്ഥയിലാണ് രാഹുലും പ്രിയങ്കയും ചൂരല്‍മല സന്ദര്‍ശിച്ച് മടങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയും രാഹുലിനൊപ്പമുണ്ടായിരുന്നു.

ടി. സിദ്ദിഖ് എംഎല്‍എയോടും മറ്റ് ജനപ്രതിനിധികളോടും അദ്ദേഹം വിവരങ്ങള്‍ അന്വേഷിച്ചു. സൈനിക മേധാവിയോടും അദ്ദേഹം സംസാരിച്ചു. സൈന്യത്തിന്‍റെ ദൗത്യത്തെ ഇന്നലെ ലോക്‌സഭയില്‍ അദ്ദേഹം പ്രശംസിച്ചിരുന്നു. ചൂരല്‍മലയിലെ സന്ദര്‍ശനത്തിന് ശേഷം മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്കാണ് ഇരുവരും എത്തിയത്. പരുക്കേറ്റ് കിടക്കുന്നവരെ നേരില്‍ കണ്ട്ഇരുവരും ആശ്വാസമേകി. സെന്‍റ്  ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും മൂപ്പൻസ് മെഡിക്കൽ കോളേജും  സന്ദർശിക്കും. രാവിലെ 9.45 ന് പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തി റോഡ് മാർഗം കൽപറ്റയിലേക്ക് തിരിക്കുകയായിരുന്നു. എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.

Comments (0)
Add Comment