പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണം; കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, August 10, 2020

 

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിഭവങ്ങൾ  കോർപറേറ്റ് സുഹൃത്തുക്കൾക്ക് മോദി സർക്കാർ തീറെഴുതുന്നതാണ് പുതിയ പാരിസ്ഥിതി ആഘാത നിര്‍ണയ കരട് എന്ന് രാഹുൽ ഗാന്ധി. കരട് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.facebook.com/rahulgandhi/posts/1052854115148976

പാരിസ്ഥിതി ആഘാത നിര്‍ണയ കരടിനെതിരെ കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇഐഎ വ്യാപകമായ പാരിസ്ഥിതിക നാശത്തിന് ഇത് വഴിവെയ്ക്കുമെന്നും ഇതിനെതിരെ ശബ്​ദം ഉയർത്തിയില്ലെങ്കിൽ അത് വലിയ ദുരന്തമാകു​മെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.  വർഷങ്ങളായി പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളെ തകർക്കുന്നതാണ് ഇഐഎ. നിയമത്തിനെതിരെ യുവ ജനത മുന്നോട്ടുവന്നില്ലെങ്കിൽ ദശലക്ഷക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവിതം ദുരിതപൂർണമാകുമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ മുന്നറിയിപ്പ്​ നൽകി.

നിയമത്തി​ന്‍റെ കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ്​ സർക്കാർ. ഇ ഐ എ കരട് നയം പ്രകാരം ഉയർന്ന മലിനീകരണ വ്യവസായങ്ങൾക്ക് ഇനിമേൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. വികസനത്തിന്‍റെ പേരിൽ വലിയ പരിസ്ഥിതി നശീകരണത്തിന് ഉൾപ്പെടെ ഇത് വഴിവെയ്ക്കും. മാത്രമല്ല പരിസ്​ഥിതി നാശത്തി​ന്‍റെ ഇരകളെ നിശബ്​ദമാക്കുന്നത് കൂടിയാണ് ഈ​ പുതിയ നിയമം. വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഇത് നശിപ്പിക്കും.

പരിസ്ഥിതിയോട് ഇടച്ചേർന്നു ജീവിക്കുന്നവരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് ഇഐഎ എന്നും ഭാവി തലമുറയെ കൂടി ബാധിക്കുന്നതാണ് ഇതെന്നും രാഹുല്‍ ഗാന്ധി ഫെയ്സ്​ബുക്ക്​ പോസ്റ്റിലൂടെ മുന്നറിയിപ്പ്​ നൽകി. പരിസ്ഥിതിയെ സംരക്ഷിക്കാൻ എപ്പോഴും മുന്നിൽ നിന്നിട്ടുള്ള യുവാക്കൾ ഉൾപ്പെടെയുള്ള സമൂഹം ഇക്കാര്യത്തിലും മുന്നോട്ട് വരണമെന്നും ഇ ഐ എ യെ എതിർക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.