‘ഇത് സംഭവിക്കാൻ പാടില്ലാത്തത്’; പി‌ എം കെയേഴ്സുമായി ബന്ധപ്പെട്ട വിവരാവകാശം പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചതിനെതിരെ രാഹുൽ ഗാന്ധി

 

ന്യൂഡല്‍ഹി: പി‌ എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരാവകാശം പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇത് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നടപടി കേരള ഹൈക്കോടതിയുടെയും കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിന്‍റേയും ലംഘനമാണെന്ന വിമർശനമാണ് ഉയരുന്നത്.

പി എം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾ കോണ്‍ഗ്രസ് നേരത്തെ  ഉന്നയിച്ചിരുന്നു. ഈ സംശയങ്ങൾ ബലപ്പെടുത്തുന്ന നീക്കങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായിരിക്കുന്നത്.  2020 ഏപ്രിൽ മുതൽ പി‌എം‌ ഓഫീസ് വിവരാവകാശ നിയമപ്രകാരം സ്വീകരിച്ചതും തീർപ്പാക്കിയതുമായ വിവരങ്ങൾ സംബന്ധിച്ചാണ് ചോദ്യം ഉന്നയിച്ചത്. വിവരാവകാശ പ്രവർത്തകനായ കൊമോദർ ലോകേഷ് ബാത്രയാണ് ഇത്തരത്തിൽ വിവരാവകാശം ഫയൽ ചെയ്തത്.

പി എം കെയേഴ്‌സ് ഫണ്ട്, പി.എം.എൻ.ആർ.എഫ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് എത്ര വിവരാവകാശങ്ങൾക്ക് ലഭിച്ചു എന്നും ചോദ്യം ഉന്നയിച്ചിരുന്നു. ഇതിൽ പി എം കെയേർസ്, പി.എം.എൻ.ആർ.എഫ് എന്നിവ ഒഴികെ ബാക്കിയുള്ള ചോദ്യങ്ങളുടെ വിവരങ്ങൾ മാത്രമാണ് മറുപടിയായി നൽകിയത്. പി എം കെയേഴ്‌സ് ഫണ്ട്, പി.എം.എൻ.ആർ.എഫ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവിടെ സൂക്ഷിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകിയത്. നല്‍കുന്ന വിവരങ്ങളുടെ രൂപത്തിൽ മാറ്റം വരുത്താമെങ്കിലും അപേക്ഷ മൊത്തത്തിൽ തള്ളരുത് എന്ന് ഹൈക്കോടതി വിധിയും കേന്ദ്ര വിവര കമ്മീഷൻ ഉത്തരവും നിലനിൽക്കേയാണ് ഓഫീസിൽ സമയം പാഴാക്കുമെന്ന കാരണം നിരത്തി പ്രധാനമന്ത്രിയുടെ ഓഫീസ് അപേക്ഷകള്‍ കൂട്ടത്തോടെ നിരസിച്ചത്.

Comments (0)
Add Comment