രാഹുല്‍ ഇന്ന് വീണ്ടും കോലാറില്‍; ‘മോദി പരാമർശം’ നടത്തിയ അതേ വേദിയില്‍ പ്രസംഗിക്കും

 

ബംഗളുരു: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെടാനും പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാനും ഇടയാക്കിയ മോദി പരാമർശം നടത്തിയ കോലാറിലെ വേദിയിലേക്ക് വീണ്ടും എത്തുമ്പോൾ രാഹുലിന്‍റെ രാഷ്ട്രീയ മറുപടി എന്തായിരിക്കും എന്ന് കേൾക്കാൻ കാതോർക്കുകയാണ് രാജ്യം.

‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’. 2019 ഏപ്രിൽ 13 ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടകയിലെ കോലാറിൽ പ്രചാരണ റാലിയിൽ നടത്തിയ ഈ പരാമർശത്തിന്‍റെ പേരിൽ ബിജെപി നേതാവ് ഗുജറാത്തിലെ സൂറത്ത് കോടതിയിൽ കേസ് നൽകുകയും രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയുമായിരുന്നു .

നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായ കർണാടകയിൽ രാഹുൽ ഒരിക്കൽ കൂടി എത്തുമ്പോൾ അതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. രാഹുലിന്‍റെ രാഷ്ട്രീയ മറുപടി എന്തായിരിക്കും എന്ന് കേൾക്കാൻ കോലാറിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്. കോലാറിൽ പൊതുസമ്മേളനവും റാലിയുമാണ് നടക്കുക. 2019 ൽ കോലാറിൽ നടത്തിയ പ്രസംഗമായിരുന്നു രാഹുലിന്‍റെ അയോഗ്യതയ്ക്ക് കാരണമായത്. അവിടെ തന്നെയാണ് കോൺഗ്രസ് ഇന്ന് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 56 മണിക്ക് ബംഗളുരു ജെപി നഗറിൽ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുൽ ഗാന്ധി സംവദിക്കും. 6.15ന് ഇന്ദിരാഗാന്ധി ഭവന്‍റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും.

Comments (0)
Add Comment