മാർ ക്രിസോസ്റ്റം  വലിയ മെത്രാപ്പോലീത്ത എക്കാലവും ഓർമ്മിക്കപ്പെടും ; അനുശോചിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, May 5, 2021

 

ന്യൂഡല്‍ഹി : പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. മാർ ക്രിസോസ്റ്റം  വലിയ മെത്രാപ്പോലീത്ത എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.

ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.