അദ്വൈതിന്‍റെ സ്വപ്നത്തിന് ചിറകേകി രാഹുൽ ; പറക്കാൻ ആഗ്രഹിച്ച കുട്ടിയെ കോക്പിറ്റിലെത്തിച്ച് നേതാവ്

Jaihind Webdesk
Monday, April 5, 2021

കണ്ണൂർ : വിമാനത്തില്‍ പറക്കാനാഗ്രഹിച്ച ഒന്‍പതുവയസ്സുകാരനെ കോക്പിറ്റിലെത്തിച്ച് രാഹുല്‍ ഗാന്ധി. ഇരിട്ടിയില്‍ പ്രചാരണം കഴിഞ്ഞുമടങ്ങുന്നതിനിടെ കണ്ടുമുട്ടിയ അദ്വൈത് സുമേഷിന്റെ ആഗ്രഹമാണ് രാഹുല്‍ ഗാന്ധി സഫലമാക്കിയത്.

തന്റെ ട്വിറ്ററിൽ അദ്വൈതിനൊപ്പമുള്ള ചിത്രവും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ‘അദ്വൈത് സുമേഷ് പറയുന്നു. എനിക്ക് പറക്കണം. എനിക്കും കോൺഗ്രസിനും യുഡിഎഫിനും ഉറപ്പു കൊടുക്കാനുള്ളത്, ഇന്ത്യയിലേയും കേരളത്തിലേയും ഒരോ കുട്ടിക്കും അത് സാധ്യമാകണം എന്നാണ്. ഒരു സ്വപ്നവും വലുതല്ല. ഓരോ കുട്ടിക്കും അവർ ആഗ്രഹിക്കുന്ന ഉയരങ്ങളിലേക്ക് പറക്കാനുള്ള അവസരങ്ങൾ ഉറപ്പു വരുത്തുകയാണ് നമ്മുടെ ലക്ഷ്യം.’ ഈ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അതേസമയം അദ്വൈതുമായുള്ള സംഭാഷണത്തിനിടെയാണ് രാഹുല്‍ ഗാന്ധി ആഗ്രഹം ചോദിച്ചറിഞ്ഞത്. ആരാകാനാണ് ആഗ്രഹം എന്ന്  ആരാഞ്ഞപ്പോൾ പൈലറ്റ് എന്നായിരുന്നു  അദ്വൈതിന്റെ മറുപടി. ഹെലികോപ്ടർ കണ്ടിട്ടുണ്ടെന്നും അടുത്ത് കണ്ടിട്ടില്ലെന്നും അദ്വൈത് രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ഉടൻ തന്ന താൻ വന്ന കോപ്ടറിലേക്ക് കൂടെ വരാൻ അദ്ദേഹം അദ്വൈതിനോടു പറഞ്ഞു. എന്നാല്‍ പുറത്തെ ജനത്തിരക്കിനിടയിൽ അദ്വൈതിനും പിതാവിനും പുറത്തേക്കിറങ്ങാനായില്ല.

തുടർന്ന് സണ്ണി ജോസഫിനോട് അദ്വൈതിനെ കണ്ടെത്തി വിവരം തരാൻ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തുടർന്ന് രാത്രിയോടെ അദ്വൈതിനെ കണ്ടെത്തി. കീഴൂർക്കുന്ന് പാലാപ്പറമ്പിൽ താമസിക്കുന്ന കൂത്തുപറമ്പ് ഗവ. ഹൈസ്കൂൾ അധ്യാപകൻ സുമേഷ് കുമാറിന്റെയും കണ്ണൂർ സർവകലാശാല ജീവനക്കാരി എ.സുവർണയുടെയും മകനാണ് കീഴൂർക്കുന്ന് എസ്ഡിഎ ഇംഗ്ലിഷ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി അദ്വൈത്. ഈ വിവരം രാഹുൽ ഗാന്ധിക്ക് കൈമാറിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എത്താനായി നിർദേശം.

മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം കോഴിക്കോട് എത്തിയ ഉടൻ രാഹുലിന്റെ ചാർട്ടേഡ് ഫ്ലൈറ്റിനുള്ളിലേക്ക് അദ്വൈതിനെയും പിതാവ് സുമേഷിനെയും കയറ്റി. കോക്പിറ്റിലുണ്ടായിരുന്ന വനിതാ പൈലറ്റ് വിമാനം പ്രവർത്തിക്കുന്ന വിധം വിവരിച്ചു നൽകി. തിരുവനന്തപുരത്തേക്കു വരുന്നോയെന്ന് രാഹുൽ തിരക്കിയെങ്കിലും മാതാപിതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ ഇവർ കോഴിക്കോട് നിന്ന് മടങ്ങി. തന്നെ സഹായം ആവശ്യം ഉള്ളപ്പോൾ ബന്ധപ്പെടണമെന്നും അദ്വൈതിന് നിർദേശം നൽകി.